വേർപാടിന്റെ ഒന്നാം വർഷം.!! ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല; സുബിയുടെ ഓർമകളിൽ നടൻ ടിനി ടോം.!! | Subi Suresh One year Of Remembrance

Subi Suresh One year Of Remembrance : തനതായ ഹാസ്യ ശൈലികൊണ്ട് തൻ്റേതായ കഴിവ് തെളിയിച്ച അവതാരകയും നടിയുമായിരുന്ന സുബി സുരേഷ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന പരിപാടിയിലൂടെ ശ്രദ്ധേയമായ താരമാണ് സുബി.

പിന്നീട് സീരിയലുകളിലും സിനിമകളിലും അഭിനയിക്കുകയുണ്ടായി. ‘കനകസിംഹാസനം’ എന്ന രാജസേനൻ്റെ ചിത്രത്തിലൂടെയായിരുന്നു ചലചിത്രമേഖലയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഇരുപതോളം ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. സ്റ്റേജ് ഹാസ്യ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു താരം. വിദേശ വേദികളിലെ ഷോകളിലും താരം നിറസാന്നിധ്യമായിരുന്നു. കൂടാതെ ടെലിവിഷൻ പരിപാടികളുടെ അവതാരികയായും തിളങ്ങിനിന്നു. കുട്ടിപ്പട്ടാളം എന്ന ടെലിവിഷൻ പരിപാടി ജനപ്രീതി നേടിയത് സുബിയുടെ വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെയായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരി 22നായിരുന്നു സുബി സുരേഷ് ഈ ലോകത്തോട് വിട പറഞ്ഞത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളം ആശുപത്രിയിലായിരുന്ന സുബി, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കവെ അസുഖം വഷളാവുകയും, പിന്നീട് വെൻ്റിലേറ്ററിലേക്ക് മാറ്റിയ സുബി മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സുബിയുടെ വിയോഗം സിനിമാ, മിമിക്രി രംഗത്തുള്ളവരെ മാത്രമല്ല, പ്രേക്ഷകരെയും വളരെയധികം നൊമ്പരപ്പെടുത്തുന്നതായിരുന്നു.

സുബി മരിച്ച് ഒരു വർഷമാകുന്ന ഈ വേളയിൽ സുബിയുടെ ഓർത്ത് നിരവധി പേർ പോസ്റ്റ് പങ്കുവയ്ക്കുകയുണ്ടായി. അതിൽ ടിനിടോം പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ‘സുബി, സഹോദരി. നീ പോയിട്ട് ഒരു വർഷമാകുന്നു. ഫോണിൽ നിന്നും നിൻ്റെ പേര് ഞാനിപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. ഇടയ്ക്ക് വരുന്ന നിൻ്റെ കോളുകളും, മെസേജുകളും ഇല്ലെങ്കിലും നീ ഒരു വിദേശയാത്രയിലാണെന്ന് നാം വിചാരിച്ചോളാം. നിന്നെ ആദ്യമായി ഷൂട്ടിംങ്ങിന്‌ കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നുവെന്നും, നിൻ്റെ അവസാന യാത്രയിലും ഞാൻ നിൻ്റെ കൂടെ ഉണ്ടായിരുന്നു.’ ടിനി ടോമിൻ്റെ വേദനാപരമായ കുറിപ്പിന് താഴെ നിരവധി പേരാണ് സുബിക്ക് ഓർമ്മപ്പൂക്കളുമായി എത്തിയിരിക്കുന്നത്.