സഞ്ജുവിന്റെ ആ ആഗ്രഹം നിറവേറി; ഏഴാം വയസ്സിലെ സ്വപ്‌നം പൂവണിഞ്ഞ സന്തോഷത്തിൽ സഞ്ജു സാംസൺ, വീഡിയോ വൈറൽ.!! | Fan Boy Sanju Samson Blessed Moment With Super Star Rajinikanth

Fan Boy Sanju Samson Blessed Moment With Super Star Rajinikanth : തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഇടയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടനാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. മലയാളികളിൽ വലിയൊരു വിഭാഗം ഇഷ്ടപ്പെടുന്ന അന്യഭാഷ നടനും രജനീകാന്ത് തന്നെയാവും. ഇപ്പോൾ, ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുകയാണ്.

രജനീകാന്തിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി സന്ദർശിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. രജനീകാന്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം, തന്റെ ഉള്ളിലെ ഫാൻ ബോയ് മൊമന്റ് സാക്ഷാത്കരിച്ചതിനെക്കുറിച്ച് സഞ്ജു ചെറിയ ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. തന്റെ ഏഴാമത്തെ വയസ് മുതൽ താൻ ഒരു രജനി ഫാൻ ആണെന്ന് പറഞ്ഞ സഞ്ജു, അദ്ദേഹത്തിന് നേരിട്ട് കണ്ട ഈ നിമിഷം താൻ ഒരുപാട് കാലം മുൻപ് സ്വപ്നം കണ്ടതാണെന്നും കുറിച്ചു.

സഞ്ജു സാംസൺ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം. “ഏഴാമത്തെ വയസ്സ് മുതൽ സൂപ്പർ രജനി ആരാധകനാണ്, ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞു. നോക്കൂ ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണും. 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി” രജനീകാന്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കുറിച്ചു.

തന്റെ ഫാൻ ബോയ് മൊമെന്റ് സാക്ഷാത്കരിച്ച സഞ്ജുവിന് ആരാധകർ ആശംസകൾ അറിയിക്കുകയും ചെയ്തു. നിലവിൽ ഐപിഎൽ 2023-ന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ പരിശീലനം നടത്തിവരികയാണ് സഞ്ജു സാംസൺ. ഐപിഎല്ലിന് മുന്നോടിയായി ഇന്ത്യ അവസാനമായി കളിക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിക്കാത്തതിനാൽ തന്നെ, ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച്, ദേശീയ ടീമിലേക്ക് മടങ്ങിയെത്താനാണ് സഞ്ജു ലക്ഷ്യം വെക്കുന്നത്.