ഇന്ദിരയായി മഞ്ജു വാര്യർ, ഗാന്ധിയൻ ലുക്കിൽ ചർക്കയുമായി സൗബിൻ സാഹിർ; രാഷ്ട്രീയം പറയാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം..!! വെള്ളരി പട്ടണം… | Vellaripattanam Film Manju Warrier And Soubin Shahir

Vellaripattanam Film Manju Warrier And Soubin Shahir : സൗബിൻ സാഹിർ, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വെള്ളരി പട്ടണം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മഞ്ജു വാര്യരും, സൗബിൻ സാഹിറും വ്യത്യസ്ത ലുക്കുകളിൽ എത്തുന്ന ഒരു പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

കെപി സുരേഷ്, കെപി സുമന്ത എന്നീ കഥാപാത്രങ്ങളെയാണ് സൗബിനും മഞ്ജു വാര്യരും ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധിയുടെ സാദൃശ്യമുള്ള മേക്ക് ഓവറിൽ ആണ് മഞ്ജു വാര്യർ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ചർക്ക തിരിക്കുന്ന ഗാന്ധിയൻ ആയിട്ടാണ് സൗബിൻ സാഹിറിനെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ചിത്രം ഈ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങും എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

ശരത് കൃഷ്ണ, മഹേഷ് വെട്ടിയാർ എന്നിവർ ചേർന്ന് തിരക്കഥ നിർവഹിച്ച ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾക്കൊപ്പം  ശബരീഷ് വർമ്മ, കോട്ടയം രമേശ്, സലീം കുമാർ, സുരേഷ് കൃഷ്ണ, വീണ നായർ, കൃഷ്ണ ശങ്കർ, പ്രമോദ് വെള്ളിയനാട് തുടങ്ങി വലിയൊരു താരനിര വേഷമിട്ടിട്ടുണ്ട്. സംവിധായകൻ മഹേഷ് വെട്ടിയാറും ചിത്രത്തിൽ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

ഫുൾഓൺ സ്റ്റുഡിയോസിന്റെ ബാനറിൽ കെആർ മണി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സച്ചിൻ ശങ്കർ മന്നത്ത് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജയേഷ് നായർ ഛായഗ്രഹണം  നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് അർജുൻ ബെന്നും അപ്പു എൻ ഭട്ടാതിരിയും ചേർന്നാണ്. സമീറ സനീഷും ജിഷാദ് ഷംസുദ്ദീനും ചേർന്നാണ് ചിത്രത്തിന്റെ കോസ്റ്റ്യും കൈകാര്യം ചെയ്തിരിക്കുന്നത്. രാജേഷ് നെന്മാറയാണ് മേക്കപ്പ് നിർവഹിച്ചിരിക്കുന്നത്.