ദൃശ്യവിരുന്നൊരുക്കി ശാകുന്തളം ട്രെയ്ലർ; ശകുന്തളയായി സമാന്ത… | Shakunthala Movie Trailer Release Malayalam

Shakunthala Movie Trailer Release Malayalam : കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ശാകുന്തളം. തെന്നിന്ത്യൻ താരം സാമന്തയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ശാകുന്തളം. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ദേവ് മോഹൻ ആണ് ചിത്രത്തിൽ ദുഷ്യന്തനായി എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ.

ട്രെയ്‌ലറിൽ ചിത്രത്തിന്റെ പ്രസക്ത ഭാഗങ്ങളെല്ലാം തന്നെ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം. ശകുന്തളയായി സാമന്തയുടെ ഇൻട്രോ, ദുഷ്യന്തന്റെയും ശകുന്തളയുടേയും പ്രണയം, തുടർന്ന് ദുർവാസാവിന്റെ ശാപം, ദുഷ്യന്തൻ ശകുന്തളയെ മറക്കുന്ന രംഗങ്ങൾ എന്നിവ കൂടാതെ അവസാനം ശകുന്തളയുടെ പുത്രൻ ഭരതിനേയും ചിത്രത്തിൻ്റെ ട്രെയ്‍ലറിൽ കാണിക്കുന്നുണ്ട്. ചിത്രം ബിഗ് സ്ക്രീനിൽ എത്തുമ്പോൾ ആരാധകർക്ക് അതൊരു ദൃശ്യവിരുന്ന് തന്നെയായിരിക്കും എന്നാണ് ട്രെയിലറിലൂടെ ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.

ചിത്രത്തിന്റെ വിഎഫ്എക്സും, പശ്ചാത്തല സംഗീതവും കാണികൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നു തന്നെയാണ്. ചിത്രത്തിനായി കൂറ്റൻ സെറ്റുകളാണ് നിർമ്മാതാക്കൾ ഒരുക്കിയിരുന്നത്. അടുത്ത മാസം 17 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. യശോദ ആണ് സാമന്തയുടേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം.

രുദ്രമാദേവിക്കു ശേഷം ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളം നീലിമ ഗുണയും, ദില്‍ രാജുവും ചേര്‍ന്നു നിർമ്മിക്കുന്ന ചിത്രമാണ്. അല്ലു അർജുന്റെ മകൾ അല്ലു അര്‍ഹ ചിത്രത്തില്‍ ഭരത രാജകുമാരനായാണ് എത്തുന്നത്. അനസൂയയായി അദിതി ബാലനും, ദുർവാസാവ് മഹർഷിയായി മോഹൻ ബാബുവും വേഷമിടുന്നു. രണ്ടു തവണ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം നേടിയ നീതു ലുല്ല ആണ് ‘ശകുന്തള’യായി സാമന്തയെ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാനം മണി ശർമ, ഛായാഗ്രഹണം ശേഖർ വി ജോസഫ്, ചിത്രത്തിൻ്റെ എഡിറ്റിംഗ് പ്രവീൺ പുഡിയും നിർവഹിക്കുന്നു.

Rate this post