ജീവിതം മാറ്റിമറിച്ച ആളെ പരിചയപ്പെടുത്തി ലേഡീസ് സൂപ്പർ സ്റ്റാർ… | Manju InJeans And Tshirt

Manju With Jeans And Tshirt : അജിത്തിന്റെ നായികയായി, ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ വീണ്ടും കോളിവുഡിൽ അഭിനയിക്കാനൊരുങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞു നിന്നിരുന്നു. ‘എകെ 61’-ൽ താനും ഉണ്ടാകും എന്ന് മഞ്ജു വാര്യർ സ്ഥിരീകരിച്ചതിന് പിന്നാലെ, മാറ്റങ്ങൾ നിറഞ്ഞ പുത്തൻ ലുക്കിൽ പകർത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മഞ്ജു വാര്യർ.

ചിത്രത്തിൽ, വെള്ള ടീ-ഷർട്ടും ക്രോപ്ഡ് ജീൻസും അണിഞ്ഞ മഞ്ജുവിന്റെ, ഹെയർസ്റ്റൈലിലും മുഖത്തെ മാറ്റത്തിലും വ്യത്യാസങ്ങൾ പ്രകടമാണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഈ മാറ്റം പുതിയ ചിത്രമായ ‘എകെ 61’-ന് വേണ്ടിയുള്ളതാണ് എന്ന് വലിയൊരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു. എന്നാൽ, പുതിയ സിനിമയുടെ യാതൊരു സൂചനയും മഞ്ജു തന്റെ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

“നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ആ ഒരാളെയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, കണ്ണാടിയിൽ ഒന്നു നോക്കൂ!,” എന്ന അടിക്കുറിപ്പോടെയാണ്‌ മഞ്ജു വാര്യർ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സണ്ണി വെയ്ൻ ഉൾപ്പടെയുള്ള സെലിബ്രിറ്റികളും ആരാധകരും മഞ്ജുവിന്റെ പുതിയ ലുക്ക്‌ സ്വാഗതം ചെയ്തു.

എച്ച് വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന അജിത്തിന്റെ ‘എകെ 61’ ബോണി കപൂറിന്റെ ബേവ്യൂ പ്രോജക്ട്സും സീ സ്റ്റുഡിയോയും സംയുക്തമായി നിർമ്മിക്കുന്നു. ഹൈദരാബാദിൽ ദ്രുതഗതിയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ഹൈദരാബാദിലെ ഫിലിം സിറ്റിയിൽ ചെന്നൈയിലെ അണ്ണാശാലായിയോട് സാമ്യമുള്ള കൂറ്റൻ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ജോൺ കൊക്കനും യോഗി ബാബുവും പ്രധാന വേഷങ്ങളിൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്. വരും ആഴ്ചകളിൽ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.