ഓസ്കാർ വിവാദം ഒരു പ്രചോദനമായി; സമീറ റെഡ്ഡി… | Sameera Reddy About Alopecia

Sameera Reddy About Alopecia : ഹിന്ദി, തമിഴ് സിനിമകളിൽ സജീവമായി നിന്നിരുന്ന നടിയാണ് സമീറ റെഡ്ഢി. ‘ഒരു നാൾ വരും’ എന്ന ടികെ രാജീവ്‌ കുമാർ ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായി മലയാള സിനിമയിലും സമീറ റെഡ്ഡി മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോൾ, സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്ന നടി സോഷ്യൽ മീഡിയയിൽ സജീവമാണ്. പോസിറ്റിവിറ്റിയെക്കുറിച്ചുള്ള പോസ്റ്റുകൾ പലപ്പോഴും പങ്കുവെക്കുന്ന സമീറ റെഡ്ഡി, തന്റെ സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, തന്റെ മുടി കൊഴിച്ചിലിന് കാരണമാകുന്ന അലോപ്പേഷ്യ എന്ന രോഗാവസ്ഥയെ കുറിച്ച് എഴുതി.

അടുത്തിടെ സമാപിച്ച ഓസ്കാർ ചടങ്ങിൽ, നടൻ വിൽ സ്മിത്തിന്റെ ഭാര്യയും അഭിനേതാവുമായ ജാഡ പിങ്കറ്റ് സ്മിത്തിന്റെ മുടി കൊഴിച്ചിലിനെ പരിഹസിച്ച ഹാസ്യനടൻ ക്രിസ് റോക്കിനെ വിൽ സ്മിത്ത് വേദിയിൽ കയറി അടിച്ചത് വലിയ വാർത്തയായിരുന്നു. തടർന്നാണ്, ജാഡ പിങ്കറ്റ് സ്മിത്ത് അലോപ്പേഷ്യ രോഗാവസ്ഥയെ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ലോകം അറിയുന്നത്. ഇതിനു പിന്നാലെ ഈ രോഗാവസ്ഥ നേരിടുന്ന ഒരുപാട് ആളുകൾ തങ്ങളുടെ അവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വിശദീകരിക്കുകയുണ്ടായി.

നടി സമീറ റെഡ്ഢിയും അതിലൊരാളാണ്. “നിലവിലെ ഓസ്‌കാർ വിവാദം, നമ്മൾ ഓരോരുത്തർക്കും നമ്മുടെ വ്യക്തിഗത പോരാട്ടങ്ങളുണ്ടെന്നും പരസ്പരം പോസിറ്റീവായ സുരക്ഷിതമായ ഇടം സൃഷ്ടിക്കേണ്ടതുണ്ടെന്നും ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്താണ് അലോപ്പേഷ്യ ഏരിയറ്റ? നിങ്ങൾക്ക് അലോപ്പേഷ്യ ഏരിയറ്റ ഉള്ളപ്പോൾ, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിലെ കോശങ്ങൾ നിങ്ങളുടെ രോമകൂപങ്ങളെ വലയം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിയാൻ കാരണമാകുന്നു, ഇത് കഷണ്ടി പാടുകൾ ഉണ്ടാക്കുന്നു. എന്റെ തലയുടെ പിൻഭാഗത്ത് 2 ഇഞ്ച് കഷണ്ടി.

ഒരു മാസത്തിനുള്ളിൽ ഞാൻ രണ്ട് പാച്ചുകൾ കൂടി കണ്ടെത്തി. ഇത് കൈകാര്യം ചെയ്യാൻ ശരിക്കും ബുദ്ധിമുട്ടായിരുന്നു,” സമീറ റെഡ്ഡി കുറിച്ചു. മകന്റെ ജനനത്തിനു ശേഷം 2016-ലാണ് അലോപ്പേഷ്യ രോഗനിർണയം നടത്തിയത് എന്ന് സമീറ തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. “അലോപ്പേഷ്യ ഏരിയറ്റ ആളുകളെ രോഗികളാക്കുന്നില്ല, പകർച്ചവ്യാധിയുമല്ല. എന്നിരുന്നാലും, പലർക്കും വൈകാരികമായി പൊരുത്തപ്പെടാൻ പ്രയാസമാണ്. അലോപ്പേഷ്യ ഏരിയറ്റ ഒരു ആഘാതകരമായ രോഗമാണ്, അത് മുടി കൊഴിച്ചിലിന് കാരണമാകുന്നു,” സമീറ റെഡ്ഢി എഴുതി.