ഞങ്ങൾ പ്രണയത്തിലാണ് എന്ന വാർത്ത പരന്നു; 18-ാം വയസ്സിൽ ശങ്കരാടിയുമായി വിവാഹ നിശ്ചയം,അങ്ങനെ വിഷയം വീട്ടിലറിഞ്ഞു.!! | Kaviyoor Ponnamma Life Story
Kaviyoor Ponnamma Life Story : മലയാള സിനിമയിൽ അമ്മ വേഷങ്ങൾക്കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂർ പൊന്നമ്മ. നായികയായി ചില കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, സിനിമയിൽ അരങ്ങേറ്റം കുറിച്ച് വളരെ കാലം പിന്നിടുന്നതിന് മുന്നേ തന്നെ കവിയൂർ പൊന്നമ്മ, അമ്മ വേഷങ്ങൾ ചെയ്യാൻ ആരംഭിച്ചിരുന്നു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ അമ്മ വേഷങ്ങൾ കവിയൂർ പൊന്നമ്മയുടെ സിനിമ ജീവിതത്തിലെ എന്നെന്നും ഓർമ്മിക്കുന്ന കഥാപാത്രങ്ങളാണ്.
സിനിമയിൽ എല്ലാംക്കൊണ്ടും സന്തോഷവതിയായി ജ്വലിച്ച് നിന്നെങ്കിലും, നടിയുടെ വ്യക്തി ജീവിതം അത്ര തിളക്കമുള്ളതായിരുന്നില്ല. നിർമ്മാതാവ് എംകെ മണിസ്വാമി ആണ് കവിയൂർ പൊന്നമ്മയുടെ ഭർത്താവ്. 2011-ൽ മണിസ്വാമി മരണപ്പെട്ടു. തന്റെ വിവാഹ ജീവിതത്തിൽ നേരിട്ട പ്രയാസങ്ങൾ പല അഭിമുഖങ്ങളിലും നടി തുറന്നുപ്പറഞ്ഞിട്ടുണ്ട്. ഇപ്പോൾ, തന്റെ ചെറുപ്പക്കാലത്ത് നടന്ന ചില സംഭവവികാസങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് കവിയൂർ പൊന്നമ്മ.
തന്റെ 18-ാം വയസ്സിൽ നടൻ ശങ്കരാടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നും, പിന്നീടെന്ത് സംഭവിച്ചു എന്നും നടി പറയുന്നു. “എനിക്ക് 18 വയസ്സ് പ്രായം, ഞാൻ അന്ന് നാടക രംഗത്ത് സജീവമായിരുന്നു. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ്, ശങ്കരാടി ചേട്ടൻ എന്നെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞ് സമിതിയിൽ എത്തിയത്. എനിക്ക്, അങ്ങനെ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, സമിതി മുഴുവൻ ഞങ്ങൾ പ്രണയത്തിലാണ് എന്ന വാർത്ത പരന്നു,” നടി തുടർന്നു.
“അങ്ങനെ വിഷയം വീട്ടിലറിഞ്ഞു. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേൽനോട്ടത്തിലായിരുന്ന കെപിഎസി, പാർട്ടി അച്ഛനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. അങ്ങനെ വിവാഹ നിശ്ചയം കഴിഞ്ഞു. പക്ഷെ, പല കാരണങ്ങൾക്കൊണ്ട് ആ വിവാഹം നടന്നില്ല. പിന്നീട് എനിക്കൊരു പ്രണയമുണ്ടായി, ഞങ്ങൾ വിവാഹം കഴിക്കാനൊരുങ്ങി, പേര് ഞാൻ പറയില്ല. പക്ഷെ, അത് പിന്നീട് ഞാൻ മതം മാറണം എന്ന അവസ്ഥയിൽ എത്തി, അങ്ങനെ അതിൽ നിന്ന് ഒഴിഞ്ഞു,” കവിയൂർ പൊന്നമ്മ പറഞ്ഞു.