Suparna Anand Real Life Story Malayalam : മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലായ 1988 ൽ ഭരതന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു വൈശാലി. ഭരതന്‍ സംവിധാനം ചെയ്ത എക്കാലത്തേയും മികച്ച മലയാളം ക്ലാസ്സിക് സിനിമകളിലൊന്നായ വൈശാലി എന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതാണ്. മലയാള സിനിമയിലെത്തിയ അന്യഭാഷ നടിമാരില്‍ ഏറ്റവും സുന്ദരി ആരാണെന്ന് ചോദിച്ചാല്‍ ഭൂരിഭാഗം പേരുടേയും ഉത്തരം വൈശാലി സിനിമയിലെ നായിക എന്ന് തന്നെയാകും. ഭരതൻ മലയാള സിനിമക്ക് പരിചയപെടുത്തിയ മുംബൈക്കാരി സുപർണ ആനന്ദ് ആയിരുന്നു വൈശാലി ആയി അഭിനയിച്ചത്. ബാലതാരമായി ആയിരുന്നു സിനിമയില്‍ സുപർണയുടെ തുടക്കം.
നാഗിന്‍ ഓര്‍ സുഹാഗിന്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. 1979ല്‍ റിലീസായ ചിത്രത്തില്‍ റിത്ത ബാധുരി അവതരിപ്പിച്ച നായിക കഥാപാത്രമായ ഗൗരിയുടെ ചെറുപ്പക്കാലമാണ് സുപര്‍ണ്ണ ആനന്ദ് അവതരിപ്പിച്ചത്. ചോര്‍ണി എന്ന സിനിമയിലും ബാലതാരമായി സുപര്‍ണ്ണ അഭിനയിച്ചു. നായിക ആയി തുടക്കം കുറിക്കുന്നത് മലയാളത്തിന്റെ വൈശാലിയിലൂടെ ആയിരുന്നു. ആദ്യ സിനിമ തന്നെ ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടത് സുപർണ്ണക്ക് വലിയ അവസരങ്ങള്‍ തുറന്നു കൊടുത്തു. മലയാളി ഉള്ളിടത്തോളം കാലം വൈശാലി എന്ന കഥാപാത്രവും ഉണ്ടാകും. അത്രത്തോളം മലയാള സിനിമ പ്രേക്ഷകരെ സ്വാധീനിച്ച കഥാപാത്രമാണ് വൈശാലി. സുപര്‍ണ്ണ ആനന്ദ് എന്ന നടിയെ ഓര്‍ത്തിരിക്കുവാന്‍ ഈ ഒരൊറ്റ കഥാപാത്രം മാത്രം മതിയാകും.
പിന്നീട് അനില്‍ കപൂറും മാധുരി ദിക്ഷിതും പ്രധാന കഥാപാത്രങ്ങളായി എത്തിയ തേസാബ് എന്ന ബോളിവുഡ് ചിത്രത്തിലും സുപര്‍ണ്ണ ആനന്ദ് നല്ലൊരു കഥാപാത്രമായി എത്തി. വൈശാലി എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ് എംടി വാസുദേവന്‍ തിരക്കഥയെഴുതി പവിത്രന്‍ സംവിധാനം ചെയ്ത ഉത്തരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത് സുപര്‍ണ്ണ ആനന്ദ് ആയിരുന്നു. ജയറാമും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തിയ മലയാളികളെ ഏറെ ചിരിപ്പിച്ച നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന സിനിമയിലും നായിക ആയത് സുപർണ ആയിരുന്നു.
മലയാളത്തിന്റെ മറ്റൊരു ലജന്റ് സംവിധായാകനായ പത്മരാജ്ന്റെ ക്ലാസ്സിക് ചിത്രമായ ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയിലെ ഭാമ എന്ന കഥാപാത്രവും ഇന്നും മലയാളി മനസ്സിൽ നിറഞ്ഞുനിൽക്കുന്നതാണ്. പത്മരാജന്‍ സംവിധാനം ചെയ്ത സിനിമയും സിനിമയിലെ ഗാനങ്ങളും ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. സുപർണയുടെ അവസാനത്തെ മലയാള സിനിമ കൂടിയായിരുന്നു ഞാന്‍ ഗന്ധര്‍വ്വന്‍. ആസ്ത എന്ന ബോളിവുഡ് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. വൈശാലിയിലെ നായകന്‍ സഞ്ജയ് മിശ്രയെയാണ് സുപര്‍ണ്ണ ആനന്ദ് വിവാഹം ചെയ്തത്. വിവാഹശേഷം നടി സിനിമയോട് വിട പറയുകയും ചെയ്തു. എന്നാല്‍ 2008ല്‍ ഇവര്‍ വിവാഹ മോചിതരായി. സിനിമയിലേക്ക് തിരിച്ച് വരുവാന്‍ താല്‍പര്യമുണ്ടെന്ന് നടി അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.