Sai Pallavi Note About Amarnath Yatra : നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. ഇന്ന് തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരാണ് സായ് പല്ലവിക്കുള്ളത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ താരം തന്റെ മാതാപിതാക്കൾക്കൊപ്പം അമർനാഥ് സന്ദർശിച്ചതിന്റെ ചിത്രങ്ങളും ഒപ്പം ഹൃദയസ്പർശിയായ ഒരു കുറുപ്പുമാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുള്ളത്. സാധാരണ താൻ വ്യക്തിപരമായ കാര്യങ്ങൾ പറയാൻ താത്പര്യപ്പെടാത്ത ആളാണ് പക്ഷേ ഇക്കാര്യത്തെക്കുറിച്ച് പറയാതിരിക്കാൻ പറ്റില്ല എന്നു പറഞ്ഞാണ് താരം തന്റെ കുറിപ്പ് തുടങ്ങുന്നത്. അറുപത് വയസ്സുള്ള അച്ഛനും അമ്മയുമായി ഒരുപാട് ആഗ്രഹിച്ച തീർത്ഥാടന യാത്രയായിരുന്നു ഇത്.
ഈ യാത്ര ഞങ്ങളെ സംബന്ധിച്ച് ഏറെ വൈകാരികമായിരുന്നു എന്നും താരം പറയുന്നു. ശ്വാസമടക്കിപ്പിടിച്ച് വഴുവഴുപ്പുള്ള മഞ്ഞു പാളികൾക്കിടയിലുള്ള വഴികളിൽ വിശ്രമിക്കുന്നതു കണ്ടപ്പോൾ ദൈവത്തോട് എന്തിനാണ് ഇത്രയും ദൂരം എന്ന് താൻ ചോദിച്ചുപോയി. പക്ഷെ അതിനുള്ള ഉത്തരം ദർശനം കഴിഞ്ഞ് തിരിച്ചുനടക്കുമ്പോൾ തനിക്ക് കിട്ടി എന്നാണ് സായ് പല്ലവി പറയുന്നത്. പാതി വഴിയിൽ ഈ യാത്ര ഉപേക്ഷിക്കുന്നതിന്റെ വക്കിലെത്തിയ ചില ഭക്തരെ കണ്ടു. അവർ ദീർഘശ്വാസമെടുത്ത് ഓം നമഃ ശിവായ എന്നു ജപിയ്ക്കുന്നുണ്ടായിരുന്നു. ആ വിളി ഏറ്റെടുത്ത് മറ്റുള്ളവരും അനുഗമിക്കുന്നു.
വിശുദ്ധ ഗുഹയിലെ ഭോലെ നാഥിനെ ആരാധിക്കണമെന്ന ആഗ്രഹം നിറവേറ്റാൻ കുതിരകളും ഗ്രാമവാസികളും യാത്രികരെ കൊണ്ടുപോകുന്നുമുണ്ട് . അമർനാഥ് യാത്ര തന്റെ ഇച്ഛാശക്തിയെ പലപ്പോഴും വെല്ലുവിളിച്ചു, തന്റെ ശരീരം പരീക്ഷിച്ചു, ഈ ജീവിതം തന്നെ ഒരു തീർത്ഥാടനമാണെന്നും പരസ്പരം ഇല്ലെങ്കിൽ നമ്മൾ ഒരു ചത്ത ജന്മമാണ് എന്നും തന്നെ ഈ യാത്ര ബോധ്യപ്പെടുത്തി തന്നുവെന്നും, ഞങ്ങളെപ്പോലുള്ള ദശലക്ഷക്കണക്കിന് ഭക്തർക്ക് ഈ യാത്ര അവിസ്മരണീയമാക്കുന്ന ശ്രീ അമർനാഥ് ജി ദേവാലയ ബോർഡിലെ എല്ലാവർക്കും തന്റെ പ്രണാമമെന്നും സായ് പല്ലവി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.