Meera Nandan Wedding Reception In London : ‘വിവാഹത്തിന്റെ അവസാന ഘട്ട ആഘോഷം’ ലണ്ടൻ റിസപ്ഷൻ്റെ വിശേഷങ്ങൾ പങ്കുവെച്ച് മീര നന്ദൻ മലയാളികളുടെ പ്രിയ നടി മീരാ നന്ദൻ ഇക്കഴിഞ്ഞ ജൂൺ 29ന് ഗുരുവായൂരിൽ വെച്ചാണ് വിവാഹിതയായത്. ലണ്ടനിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്ന ശ്രീജു ആണ് മീരയുടെ ജീവിതപങ്കാളി. ഹൽദിയും, സംഗീത് റിസപ്ഷനും, ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹവുമെല്ലാം ഏറെ ആഘോഷപൂർവ്വം തന്നെയാണ് നടന്നത്.
സിനിമ മേഖലയിൽ നിന്നുമുള്ള പ്രമുഖരും ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഇതാ വിവാഹ ആഘോഷങ്ങൾ അവസാനിക്കുന്നില്ല. ‘വിവാഹത്തിന്റെ അവസാനഘട്ട ആഘോഷം – ലണ്ടൻ റിസപ്ഷൻ’ എന്ന ക്യാപ്ഷൻ ഓടെ മീര നന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റിസപ്ഷൻ്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വിവാഹശേഷം രണ്ടു മാസങ്ങൾക്കിപ്പുറവും ലണ്ടനിൽ ഒരു ഗംഭീര റിസപ്ഷൻ ഒരുക്കിയിരിക്കുകയാണ് മീരയും ശ്രീജുവും.
കറുപ്പ് ഗൗൺ ധരിച്ച് അതിസുന്ദരിയായി മീരയും, കറുത്ത സ്യൂട്ട് ധരിച്ച് ശ്രീജുവും, എലിഗന്റ് ലുക്കിലാണ് പാർട്ടിയിലേക്ക് എത്തിയത്. മീരയുടെ പ്രിയ കൂട്ടുകാരിയും നടിയുമായ ആൻ അഗസ്റ്റിനും, മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി. എസും റിസപ്ഷനിൽ പങ്കെടുക്കുവാൻ ലണ്ടനിലേക്ക് എത്തിയിരുന്നു. വിവാഹശേഷം മീര ആർ.ജെ ആയി ജോലി ചെയ്യുന്ന ദുബായിലെ മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.30 എഫ് എമ്മിലേക്കും, ശ്രീജു ലണ്ടനിലേക്കും തിരിച്ചു പോകുകയായിരുന്നു.
ഇപ്പോൾ മീര ലണ്ടനിൽ എത്തി ഇരുവരും ചേർന്ന് ശ്രീജുവിൻ്റെ സുഹൃത്തുക്കൾക്കും അവിടെയുള്ള കുടുംബാംഗങ്ങൾക്കുമായി ഒരു റിസപ്ഷൻ ഒരുക്കിയിരിക്കുകയാണ്. ടെലിവിഷൻ അവതാരകയായി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ മീര നന്ദൻ, 2008 ൽ ലാൽജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവച്ച താരം, പൃഥ്വിരാജ് നായകനായ ‘പുതിയ മുഖം’ എന്ന് സിനിമയിലും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. തുടർന്ന് ചില തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.