നെടുമുടിയുടെ നീറുന്ന ഓർമ്മയുമായി മഞ്ജു വാര്യരുടെ കുറിപ്പ്…!!

0

നെടുമുടിയുടെ നീറുന്ന ഓർമ്മയുമായി മഞ്ജു വാര്യരുടെ കുറിപ്പ്…!! മലയാള സിനിമാ പ്രേക്ഷകാരുടെ പ്രിയനടൻ നെടുമുടി വേണുവിന്റെ മരണവാർത്ത പുറത്തുന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ ഓർമ്മക്കുറിപ്പുകൾ പോസ്റ്റ് ചെയ്തു. കൂട്ടത്തിൽ വളരെ വിശദവും, വ്യക്തിപരവുമായ ഒരു കുറിപ്പാണ് മഞ്ജു വാര്യർ പങ്കുവയ്ക്കുന്നത്.

അച്ഛൻ മരിച്ചപ്പോൾ നെടുമുടി വേണു നൽകിയ പിന്തുണയാണ് മഞ്ജു വാര്യർ ഓർക്കുന്നത്. അച്ഛൻ മരിച്ചപ്പോൾ അയച്ച കത്തിൽ സങ്കടപ്പെടേണ്ട എന്നും, ഒരു അച്ഛനും അമ്മയും ഇവിടെ എന്നും ഉണ്ടാകും എന്നും നെടുമുടിവേണു കുറിച്ചിരുന്നു. ആ ഓർമയോടെയാണ് മഞ്ജു വാര്യരുടെ പോസ്റ്റ് തുടങ്ങുന്നത്.

വാൽസല്യം നിറഞ്ഞ വ്യക്തിത്വം ആയിരുന്നു നെടുമുടി വേണുവിനെന്നും അതുകൊണ്ടാണ് അദ്ദേഹം ചെയ്യുന്ന വേഷങ്ങൾക്ക് ഇത്രയധികം ഭംഗിയുള്ളതെന്നും താരം കുറിച്ചു. താൻ ഇപ്പോഴും ആ കത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും തനിക്ക് തണലും തണുപ്പും നൽകിയ പര്വതമായിരുന്നു അദ്ദേഹം എന്നും മഞ്ജു ഓർക്കുന്നു.

ദയ എന്ന സിനിമയിലാണ് മഞ്ജു വാര്യരും നെടുമുടി വേണുവും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്നത്. അതിനുശേഷം ‘ജാക്ക് ആൻഡ് ജിൽ’, ‘ഉദാഹരണം സുജാത’, മരയ്ക്കാർ എന്ന ചിത്രങ്ങളിലും രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ‘ഉദാഹരണം സുജാത’യുടെ സെറ്റിൽ വച്ച് മഞ്ജുവിന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ നെടുമുടി വേണു കേക്ക് മുറിച്ചു വായിൽ വച്ചുകൊടുക്കുന്ന ചിത്രമാണ് പോസ്റ്റിനൊപ്പം ഷെയർ ചെയ്തിരിക്കുന്നത്.

താൻ എവിടെയോ വായിച്ച ഓർമയിൽ ‘കൊടുമുടി വേണു’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത് എന്നും, അത് അന്വര്ഥമാക്കുന്നത് പോലെത്തന്നെ അത്രയും ഉയരത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം എന്നും മഞ്ജു വാര്യർ കുറിപ്പിൽ പറയുന്നു. നെടുമുടി വേണു തന്റെ ഉള്ളിൽ മരണമില്ലാത്ത ഓർമയായി തുടരുമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.