നാടകത്തിലും സിനിമയിലും സജീവമായ നടൻ കൈനകരി തങ്കരാജ് അന്തരിച്ചു..!! അനുശോചനമർപ്പിച്ച് താരലോകം… | Kainakary Thangaraj

Kainakary Thangaraj : നാടകങ്ങളിലും സിനിമയിലും തിളങ്ങിയ നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. കൊല്ലത്ത് കേരളപുരം വേലംകോണത്ത് സ്വദേശിയായ തങ്കരാജിന് 77 വയസായിരുന്നു. നാടകാചാര്യൻ കൃഷ്‍ണന്‍കുട്ടി ഭാഗവതരുടെ മകനാണ് തങ്കരാജ്. കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചിട്ടായിരുന്നു തങ്കരാജ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഏതാണ്ട് പതിനായിരത്തോളം വേദികളില്‍ തിളങ്ങിയ തങ്കരാജ് അത്തരമൊരു അപൂർവബഹുമതി നേടിയത് പലപ്പോഴും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മികച്ച നാടകനടനുള്ള പുരസ്കാരം രണ്ട് തവണ അദ്ദേഹത്തെ തേടിയെത്തി. ഇടക്കാലത്ത് നാടകരംഗത്തുനിന്നും വിലക്ക് നേരിട്ടപ്പോൾ സിനിമയിലേക്ക് എത്തുകയായിരുന്നു തങ്കരാജ്. പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു ആദ്യചിത്രത്തില്‍ അഭിനയിച്ചത്. ‘അച്ചാരം അമ്മിണി ഓശാരം ഓമന’, ‘ഇതാ ഒരു മനുഷ്യന്‍’, തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. നാടകവേദികളിൽ നിന്ന് ലഭിച്ച അനുഭവസമ്പത്ത് തങ്കരാജിന് സിനിമയിലും ഏറെ ഗുണം ചെയ്തു.

വലിയൊരു ഇടവേളക്ക് ശേഷം ‘അണ്ണൻ തമ്പി’യിലൂടെയാണ് സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയത്. തങ്കരാജ് ഏറ്റവുമൊടുവിൽ അഭിനയിച്ച ആമേന്‍, ഹോം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കേരളപുരത്തെ ‘കൈനഗിരി’ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. കൈനകരി തങ്കരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടിയടക്കമുള്ള സിനിമാതാരങ്ങൾ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

സിനിമാ നാടക രംഗത്തെ പല പ്രമുഖരും തങ്കരാജിന്റെ ഓർമ്മകൾ പങ്കുവെക്കുകയും അനുശോചനം രേഖപ്പെടുത്തുകയുമാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ വാവച്ചനെ അതിഗംഭീരമായി അവതരിപ്പിച്ച് കൈനകരി തങ്കരാജ് പ്രേക്ഷക മനസ്സുകളിൽ വലിയൊരു സ്ഥാനം നേടിയെടുത്തിരുന്നു. മലയാളനാടകശാഖക്കും സിനിമക്കും മറ്റൊരു നഷ്ടം കൂടിയായി മാറുകയാണ് കൈനകരി തങ്കരാജിന്റെ വിയോഗം.