Gopalakrishnan Kambili Puthappu Actor Mukesh : സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ പിറന്ന ആദ്യത്തെ ചിത്രമാണ് മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിയുടെ മുൾമുനയിൽ നിർത്തിയ റാംജി റാവു സ്പീക്കിംഗ്. 1989 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഓരോ ഡയലോഗും എന്നും മലയാളികൾക്ക് കാണാപാഠമാണ്. സായികുമാർ, മുകേഷ്, ഇന്നസെൻറ്, രേഖ, വിജയരാഘവൻ, സുകുമാരി, മാമുക്കോയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇന്നും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെയാണ് പ്രേക്ഷകർ കണ്ടിരിക്കുന്നത്.
എന്നാൽ തീയറ്ററിൽ പൊട്ടിച്ചിരി ഉണർത്തിയ ചിത്രം ആദ്യമൊന്നും കാണാൻ ആളില്ലായിരുന്നു എന്ന് പറഞ്ഞാൽ എത്ര പേരാണ് വിശ്വസിക്കുക. ചിത്രത്തിലെ ആളുകൾ ഏറ്റവും കൂടുതൽ ഏറ്റെടുത്ത ഡയലോഗ് കമ്പിളി പുതപ്പിന്റെത് ആയിരുന്നു. അമ്മയെ കസ്തൂർബാ അഗതിമന്ദിരത്തിൽ ആക്കി മത്തായിച്ചന്റെയും ബാലകൃഷ്ണന്റെയും അടുത്തേക്ക് പോവുകയാണ് ഗോപാലകൃഷ്ണൻ. ഗോപാലകൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷിന്റെ കരിയറിലെ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തിയ ചിത്രവും ഡയലോഗും ആയിരുന്നു പിന്നീട് സംഭവിച്ചത്.
അമ്മയെ അഗതിമന്തിരത്തിലേക്ക് ഫോൺ വിളിക്കുമ്പോൾ അവിടുത്തെ വാർഡൻ കമ്പിളി പുതപ്പ് കൊണ്ടുവരാൻ ഗോപാലകൃഷ്ണനോട് പറയുന്ന ഡയലോഗ് ഇന്നും ആളുകളെ ചിരിപ്പിക്കുക തന്നെയാണ്. വർഷങ്ങൾക്കിപ്പുറം ചിത്രത്തിൻറെ ബാക്കി എന്നവണ്ണം ഒരു ആഡ് ഫിലിം പുറത്തിറങ്ങിയിരിക്കുകയാണ്. പെൻഡുലം എന്ന ചിത്രം സംവിധാനം ചെയ്ത റെജിൻ എസ് ബാബു രചനയും സംവിധാനവും നിർവഹിച്ച ആഡ് ഫിലിം ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്
മണിക്കൂറുകൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ആഡ് ഫിലിം ആണ് ആളുകൾ സ്വീകരിച്ചിരിക്കുന്നത്. അഗതി മന്ദിരത്തിന്റെ ബോർഡ് കാണിച്ചുകൊണ്ടാണ് ഫിലിം ആരംഭിക്കുന്നത്. പിന്നീട് മുകേഷ് വൃദ്ധയായ ഒരു അമ്മയുടെ അരികിൽ എത്തി അവരോട് താൻ ആരാണെന്ന് ചോദിക്കുന്നുണ്ടെങ്കിലും സംഭവം എന്താണെന്ന് കാണികൾക്ക് ആദ്യം വ്യക്തമല്ല. ഏറ്റവും ഒടുവിൽ ഒരു കടമെന്ന നിലയിൽ കുറച്ച് കമ്പിളി പുതപ്പ് വാർഡന്റെ കൈയിൽ വെച്ചു കൊടുക്കുന്നതോടെയാണ് പഴയ ഗോപാലകൃഷ്ണനാണ് തന്റെ മുന്നിൽ നിൽക്കുന്നത് എന്ന് പ്രായമായ വാർഡൻ ഓർക്കുന്നത്. മിഥുൻ മണി മാർക്കറ്റ് എന്ന ട്രേഡിങ് കമ്പനിക്ക് വേണ്ടി റെജിൻ എസ് ബാബു തയ്യാറാക്കിയിരിക്കുന്ന ഷോർട്ട് ഫിലിമിന് മികച്ച സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്.