Actor Sukumaran 27 Years Of Remembrance : മലയാള സിനിമയിലെ താരദമ്പതികളായ സുകുമാരൻ്റെയും മല്ലികയുടെയും മക്കളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് പൃഥ്വിരാജ് കാലെടുത്തു വച്ചത്.
ബാലതാരമായി ഇന്ദ്രജിത്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഊമപ്പെണ്ണിന് ഉരിയാടപയ്യൻ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ സജീവമായത്. രണ്ടു പേരും ഇപ്പോൾ സിനിമയിൽ സജീവമായി തുടരുകയാണ്. പൃഥ്വിരാജ് നടനും, ഗായകനും, നിർമ്മാതാവും, സംവിധായകനുമായി മലയാള സിനിമയിലെ മികച്ച താരമായാണ് മുന്നോട്ടു പോകുന്നത്.
കഴിഞ്ഞ മാസം മല്ലിക സുകുമാരൻ്റെ 50 വർഷത്തെ സിനിമ ജീവിതത്തിൻ്റെ ചടങ്ങിൽ രണ്ടു പേരും സുമാരനെ കുറിച്ചും, അച്ഛൻ പോയതിനു ശേഷമുള്ള അമ്മയുടെ അവസ്ഥയെക്കുറിച്ചും പറഞ്ഞ് വാചാലരായിരുന്നു. സുകുമാരൻ മരിച്ച് ഈ വർഷം 27 വർഷം പിന്നിടുമ്പോൾ, വളരെ വികാരനിർഭരമായ ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജും ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഈ വർഷം ജൂൺ 16 ന് ഫാദേഴ്സ് ഡേ കൂടിയായതിനാൽ അച്ഛൻ്റെ ഓർമ്മ ദിനത്തിൽ രണ്ട് പേരും മറക്കാനാവാത്ത ഓർമ്മകളാണ് പങ്കുവെച്ചത്. ഇന്ദ്രജിത്ത് സുകുമാരൻ്റെ മനോഹരമായ ചിത്രത്തിന് താഴെ 27 വർഷത്തെ ഓർമ്മപ്പൂക്കളാണ് പോസ്റ്റ് ചെയ്തത്.
പൃഥ്വിരാജാണെങ്കിൽ സുകുമാരൻ അങ്ങാടി എന്ന ചിത്രത്തിന് അവാർഡ് വാങ്ങുന്ന വ്യത്യസ്ത ചിത്രമാണ് പങ്കുവെച്ചത്. നിരവധി പേരാണ് രണ്ടു പേരുടെയും പോസ്റ്റിന് താഴെ സുകുമാരൻ്റെ പഴയകാല ചിത്രത്തിലെ വ്യത്യസ്ത അഭിനയ മികവിനെ പ്രശംസിച്ച് എത്തിയത്. നിർമാല്യത്തിലൂടെ മലയാള സിനിമയിൽ എത്തി, നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരനായി മാറിയപ്പോഴാണ് സുകുമാരൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.