Actor Krishnankutty Nair Life Story : എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്നു കൃഷ്ണൻകുട്ടി നായർ. 1979-ൽ പുറത്തിറങ്ങിയ പി. പത്മരാജന്റെ പെരുവഴിയമ്പലത്തിലൂടെ ആണ് കൃഷ്ണൻകുട്ടി നായർ അഭിനയരംഗത്തെത്തുന്നത്. തിരുവനന്തപുരത്തെ ശാസ്തമംഗലം ആണ് സ്വദേശം. ചലച്ചിത്രനടനാകുന്നതിന് മുമ്പ് നിരവധി നാടകസംഘങ്ങളുടെ ഭാഗമായും പ്രവർത്തിച്ചു. നാടകങ്ങളിൽ വിപ്ലവം ഉണ്ടാക്കിയ തനതു നാടക വേദിയുടെ ഉപാസകൻ.
തനതു ശൈലിയിലൂടെ തൻ്റേതായ മുദ്ര പതിക്കാൻ കൃഷ്ണൻ കുട്ടി നായരുടെ കഥാപാത്രങ്ങൾ സഹായിച്ചിട്ടുണ്ട്. ഒരിക്കൽ പോലും ഒരു വേഷത്തിനായി ആരെയും തേടി പോയിട്ടില്ല. തേടിയെത്തുന്ന വേഷങ്ങളിൽ തൻ്റെ കഴിവ് തെളിയിച്ചു. ഹാസ്യത്തിൻ്റെ വ്യത്യസ്ത തലങ്ങൾ തൻ്റേതായ മെയ് വഴക്കം കൊണ്ട് പ്രേക്ഷകർക്ക് കാട്ടി കൊടുത്തു. സത്യൻ അന്തിക്കാടിൻ്റെ ചിത്രത്തിലൂടെ പ്രേക്ഷക പ്രിയനായ ഹാസ്യ നടനായി മാറി. പൊന്മുട്ട ഇടുന്ന താറവിലെ, തട്ടാൻ ഗോപാലൻ എന്ന കഥാപാത്രം നായരുടെ മികച്ച വേഷങ്ങളിൽ ഒന്നാണ്.
മെലിഞ്ഞ ശരീരം കൊണ്ട് പുഷ് up ചെയ്യുന്ന മഴവിൽക്കാവടിയിൽ കാളിമുതുവിനെ പെട്ടെന്ന് മലയാളികൾ മറക്കാൻ സാധിക്കില്ല. തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ഭീംസിങ് എന്ന കഥാപാത്രത്തെ കൃഷ്ണൻ കുട്ടി നായർക്ക് സമ്മാനിച്ചത് മൂക്കില്ല രാജ്യത്ത് എന്ന സിനിമയാണ്. സാധാരണ നാടക അഭിനേതാവിൻറെതായ അമിതാ അഭിനയം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല ഈ കലാകാരന്. കാരണം തനതു നാടകത്തിൻ്റെ പ്രണയിതാവിന് ഒറ്റ ടേക്കിൽ തന്നെ തന്നിലെ ഏറ്റവും മികച്ചതെന്ന് തോന്നുന്നതിനെ തന്നെ പുറത്ത് കൊണ്ട് വരാൻ കഴിയുമായിരുന്നു.
കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, അരപ്പട്ട കെട്ടിയ ഗ്രാമം, ഒരിടത്തൊരു ഫയൽവാൻ, വരവേൽപ്പ്, കടിഞ്ഞൂൽ കല്യാണം, കുറ്റപത്രം, ഉള്ളടക്കം, മൂക്കില്ലാ രജ്യത്ത്, കിഴക്കൻ പത്രോസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. 1996 November ആറിന് ഒരു വാഹന അപകടത്തിൽ പെട്ടു ഒരുമാസത്തോളം ചികിത്സയിൽ കിടന്നു പിന്നീട് മരണപ്പെടുകയുംചെയ്യുന്നു. സ്തുതി പാടകർ ഇല്ലാത്തത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ മരണം ചെറിയ കോളങ്ങളിൽ ഒതുങ്ങി. വിസ്മൃതിയിൽ ആണ്ടുപോയ ഹാസ്യ നടന് ഓർമ്മ പെടുത്തലുകൾ പോലും നൽകാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടില്ല.