27 Years of Aniyathipravu : മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോയായി കടന്ന് വന്ന് ഇന്നും ചോക്ലേറ്റ് നായകനായി നിൽക്കുന്ന താരമാണ് പ്രേക്ഷകരുടെ ചാക്കോച്ചൻ എന്ന കുഞ്ചാക്കോബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ചാക്കോച്ചൻ്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ 21 വയസുകാരനായ കുഞ്ചാക്കോ ബോബന് നിരവധി ആരാധകരെ ലഭിക്കുകയും ചെയ്തു. 1997-ൽ മാർച്ച് 26നായിരുന്നു അനിയത്തിപ്രാവ് തിയേറ്ററുകളിൽ എത്തിയത്. ഫാസിലിൻ്റെ സംവിധാന വിസ്മയത്തിൽ തീർത്ത ഈ ചിത്രത്തിലെ സുധി എന്ന കഥാപാത്രമായായിരുന്നു കുഞ്ചാക്കോ ബോബൻ എത്തിയത്. ഇപ്പോഴിതാ അനിയത്തിപ്രാവിന് 27 വർഷം പൂർത്തിയായതിൻ്റെ സന്തോഷവും സ്നേഹവും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ചാക്കോച്ചൻ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ.
‘നിങ്ങളിൽ നിന്ന് ലഭിച്ച അളവില്ലാത്ത സ്നേഹത്തിൻ്റെ 27 വർഷങ്ങൾ. എല്ലാവർക്കും നന്ദി. അനിയത്തിപ്രാവിന് വേണ്ടി, സുധിക്ക് വേണ്ടി, എനിക്ക് വേണ്ടി…..’. ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു താരം ഇങ്ങനെ കുറിച്ചത്. സുധിയുടെ കൂട്ടുകാരായിരുന്ന സുധീഷിനെയും, ഹരിശ്രീ അശോകനെയും മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് കമൻറുമായി വന്നിരിക്കുന്നത്.’പ്രണയിക്കാത്തവരെ പോലും പ്രണയിക്കാൻ പഠിപ്പിച്ച ചങ്കെന്നാണ് ഒരു കൂട്ടർ പറയുന്നത്.
ചിലർ പറയുന്നത് മിനിയുടെ കൂടെയുള്ള ഒരു ഫോട്ടോ ഇടാമായിരുന്നുവെന്നാണ്. എന്നാൽ താരത്തിൻ്റെ ഈ പോസ്റ്റിന് പിന്നാലെ സംവിധായകനും, നടനും സുഹൃത്തുമായ പിഷാരടി പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ‘ചാക്കോച്ചൻ വന്ന് കമൻറിട്ടാൽ അനിയത്തിപ്രാവ് ഒന്നു കൂടെ കാണും. എന്നാണ് പിഷാരടി കുഞ്ചാക്കോ ബോബനെ മെൻഷൻ ചെയ്ത് പോസ്റ്റിട്ടത്. ഉടൻ തന്നെ ചാക്കോച്ചൻ പോയി കാണൂ എന്ന കമൻറുമായി എത്തുകയുണ്ടായി. ഇപ്പോഴത്തെ വിദ്യാർത്ഥികളുടെ ട്രെൻറായ പോസ്റ്റാണ് പിഷാരടി പങ്കുവെച്ചത്.