ഇന്ത്യക്ക് അഭിമാനം ഈ പതിനേഴുകാരൻ; ലോക ചെസ്സ്‌ ചാമ്പ്യനെ കീഴടക്കിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററെ അഭിനന്ദിച്ച് നടൻ സുരേഷ് ഗോപി… | Suresh Gopi Appreciate Chess Champion Praggnananda Malayalam

Suresh Gopi Appreciate Chess Champion Praggnananda Malayalam : എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് 2022-ൽ, ഇന്ത്യയുടെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ രമേഷ്ബാബു പ്രഗ്നാനന്ദ അഞ്ചു തവണ ലോക ചെസ്സ് ചാമ്പ്യനായ നോർവേയുടെ മാഗ്നസ് കാൾസനെ തോൽപ്പിച്ചു. മിയാമിയിൽ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് 2022-ന്റെ അവസാന റൗണ്ടിൽ, ലോക ഒന്നാം നമ്പർ താരമായ കാൾസനെ 4-2 എന്ന സ്കോറിനാണ് 17-കാരനായ പ്രഗ്നാനന്ദ കീഴടക്കിയത്. ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ് ഈ 17-കാരൻ സ്വന്തമാക്കിയിരിക്കുന്നത്.

എന്നാൽ, മൊത്തം സ്കോറിൽ താരതമ്യപ്പെടുത്തുമ്പോൾ, കാൾസന് 16-ഉം പ്രഗ്നാനന്ദക്ക് 15-ഉം പോയിന്റ് ആയതിനാൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് 2022-ൽ റണ്ണറപ്പായി. പ്രഗ്നാനന്ദ തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയാണ്. “കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഒന്നാമതെത്തും എന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ, മൊത്തത്തിൽ രണ്ടാമത് എത്തിയതും വളരെ നല്ലതാണ്,” റണ്ണറപ്പായ ശേഷം പ്രഗ്നാനന്ദ പറഞ്ഞു.

എന്നാൽ, ഒന്നാമതായത് മികച്ച നേട്ടമാണെങ്കിൽ പോലും, പ്രഗ്നാനന്ദയോട് പരാജയപ്പെട്ടത് ലജ്ജാകരമായി തോന്നുന്നു എന്ന് എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് 2022-ൽ ചാമ്പ്യനായ മാഗ്നസ് കാൾസൻ പറഞ്ഞു. ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്ന് ഇപ്പോൾ രമേഷ്ബാബു പ്രഗ്നാനന്ദക്ക് അഭിനന്ദനങ്ങൾ പ്രവാഹമാണ് ലഭിക്കുന്നത്. പ്രഗ്നാനന്ദയുടെ നേട്ടത്തിൽ അഭിമാനം തോന്നുന്ന ഇന്ത്യൻ ജനത പ്രഗ്നാനന്ദയെ പ്രശംസിക്കുന്നു.

ഇപ്പോൾ, മലയാളികളുടെ പ്രിയപ്പെട്ട നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപിയും പ്രഗ്നാനന്ദയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക് പ്രൊഫൈൽ ചിത്രം മാറ്റി അഭിനന്ദനങ്ങൾ എന്ന തലക്കെട്ടോട്കൂടിയ പ്രഗ്നാനന്ദയുടെ ചിത്രം തന്റെ പ്രൊഫൈൽ ചിത്രമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. ഈ ചിത്രത്തിന്, ‘ദി ഫ്ലവറിംഗ് ബഡ് ഓഫ് ഇന്ത്യ,” എന്നും സുരേഷ് ഗോപി തലക്കെട്ട് നൽകി. സിനിമ, സാംസ്കാരിക, കായിക മേഖലകളിൽ നിന്ന് നിരവധി പേരാണ് ഇപ്പോൾ പ്രഗ്നാനന്ദയെ പ്രശംസിച്ച് രംഗത്തെത്തുന്നത്.