ദിസ് ഈസ് ആടുതോമ റീലോഡെഡ്; ഏറ്റവും മികച്ച ദൃശ്യമികവോടെ സ്ഫടികം വീണ്ടും പ്രേക്ഷകരിലേക്ക്… | Sphadikam Movie Reloaded In 4 K Atmos Malayalam
Sphadikam Movie Reloaded In 4 K Atmos Malayalam : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ആടുതോമയുടെ ‘സ്ഫടികം’ 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ് മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളിൽ വീണ്ടും എത്തുകയാണ്. ഇപ്പോഴിതാ സ്ഫടികം സിനിമയുടെ റി മാസ്റ്റർ ചെയ്ത പുതിയ പതിപ്പിന്റെ റിലീസ് തിയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മോഹൻലാൽ തന്നെ ആണ് ഇത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരാധകർക്കായി റിലീസ് ചെയ്തിരിക്കുന്നത്.ചിത്രം അടുത്ത വർഷം ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തും.
28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയതെന്നാണ് മോഹൻലാൽ പറയുന്നത്.ആടുതോമയുടെ ഡയലോഗ് ഒരു കുറിപ്പായി അവതരിപ്പിച്ചാണ് സിനിമയുടെ റിലീസ് തീയതി താരം പ്രഖ്യാപിച്ചിരിക്കുന്നത്. .‘‘എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച ആടുതോമ എന്ന എന്റെ കഥാപാത്രം നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകമെമ്പാടുമുള്ള തിയറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k അറ്റ് മോസ് എത്തുകയാണ് . ഓർക്കുക.

28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്…’അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’’ എന്നാണ് മോഹൻലാൽ പറയുന്നത്.ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ് ചിലവുമായാണ് സ്ഫടികം ഫോർ കെ പതിപ്പ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.സംവിധായകൻ ഭദ്രൻ തന്നെയാണ് ഈ ചിത്രത്തിനും ചുക്കാൻ പിടിക്കുന്നത്.
പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ് മോസ് മിക്സിലാണ് സ്ഫടികം എന്ന ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കാൻ എത്തുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിങ് പൂര്‍ത്തിയായിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനാണ് ചിത്രത്തിന്റെ ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.