പതിനാലാം മാസത്തിൽ ആകാശം മുറിച്ചു കടന്ന് ശ്രേയയുടെ ദേവ് ബേബി; ഗോവയിൽ അടിച്ച് പൊളിച്ച് താരകുടുംബം… | Shreya Ghoshal To Goa
Shreya Ghoshal To Goa : ‘ബിഗ് ബി’ എന്ന ചിത്രത്തിലെ വിട പറയുകയാണോ എന്ന ഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ മനം കവർന്ന ഗായികയാണ് ശ്രേയ ഘോഷാൽ. മലയാളം എഴുതാനും വായിക്കാനും അറിയില്ല, എന്തിന് സംസാരിക്കാൻ പോലും. എന്നിട്ടും മലയാളം പാട്ടുകൾ ഇത്ര ഹൃദ്യമായി പാടുന്ന ഒരു ഗായിക മലയാളസംഗീതശാഖക്ക് ലഭിച്ച സൗഭാഗ്യം തന്നെ. പ്രിയഗായികയുടെ മകൻ ദേവ്യാൻ ഇന്ന് സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദേവ് ബേബിയാണ്.
കഴിഞ്ഞ വർഷം മെയ് 22നാണ് ദേവ് ജനിക്കുന്നത്. പിന്നീടങ്ങോട് പ്രിയഗായിക ശ്രേയയുടെ ജീവിതം കൂടുതൽ കളർഫുൾ ആവുകയായിരുന്നു. ഈയിടെ ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ഷോയുടെ ഗ്രാൻഡ് ഫിനാലെ വേദിയിൽ അതിഥിയായെത്തിയ ശ്രേയയെ ആരാധകർ ഏറെ ശ്രദ്ധിച്ചത് ദേവിന്റെ വിശേഷങ്ങൾ കൂടി അറിയാൻ വേണ്ടി ആയിരുന്നു. എന്നാൽ മത്സരവേദിയുടെ പിരിമുറുക്കം നിറഞ്ഞ അവസരത്തിൽ സ്വകാര്യ വിശേഷങ്ങൾ താരം പങ്കിട്ടതുമില്ല.

ഇപ്പോഴിതാ മകന്റെ ആദ്യ ഫ്ലൈറ്റ് യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ശ്രേയ ഘോഷാൽ. ദേവ്യാൻ ആദ്യമായി നടത്തുന്ന വിമാനയാത്ര ഏറെ കൗതുകത്തോടെയാണ് ശ്രേയ ആസ്വദിക്കുന്നത്. ‘ദേവിന്റെ ആദ്യ വെക്കേഷൻ, ഇതാ പതിനാലാം മാസത്തിൽ അവൻ ആകാശം മുറിച്ചു കടക്കുന്നു..’ എന്ന വ്യത്യസ്തമായ അടിക്കുറിപ്പോടെയാണ് വിമാനയാത്രയുടെ സന്തോഷം ശ്രേയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ഗോവയിലേക്കാണ് ഈ ഫാമിലി ട്രിപ്പ്. എന്തായാലും താരത്തിന്റെ പോസ്റ്റിന് താഴെ ഒട്ടേറെ കമ്മന്റുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒത്തിരി വെക്കേഷനുകൾ ഇങ്ങനെ ഉണ്ടാവട്ടെ എന്നാണ് പലരും ആശംസിച്ചിരിക്കുന്നത്. ദേവ്യാൻ ഏറെ സന്തോഷത്തിലാണല്ലോ എന്നാണ് കൂടുതൽ പേരുടെയും കമന്റ്. അമ്മയെപ്പോലെ വലിയൊരു പാട്ടുകാരനായി ലോകം മൊത്തം ചുറ്റട്ടെ ഈ രാജകുമാരൻ എന്നു പറഞ്ഞു കൊണ്ടുള്ള കമ്മന്റും ഇതിനോടകം ശ്രദ്ധ നേടുന്നുണ്ട്.