ഷെഫീക്കിന്റെ സന്തോഷം പ്രേക്ഷകനെയും സന്തോഷപ്പെടുത്തിയോ? പ്രതികരണവുമായി കാണികൾ… | Shefeekinte Santhosham Movie Review Malayalam
Shefeekinte Santhosham Movie Review Malayalam : ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. കോമഡി ഷോകളിൽ ടെലിവിഷൻ രംഗത്തെ പരിചിത മുഖമായ അനൂപ് പന്തളത്തിന്റെ സംവിധാന സംരംഭമായതിനാൽ തന്നെ, പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെയാണ് ‘ഷെഫീക്കിന്റെ സന്തോഷം’ കാണാൻ ആദ്യദിനം തീയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകന്റെ പ്രതീക്ഷകളോട് നീതിപുലർത്തുന്ന, ഗൗരവപരമായ ഒരു കഥ പറയുന്ന ലളിതമായ സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’.
ഒരു സാധാരണക്കാരനായ യുവാവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രതിസന്ധി ഘട്ടങ്ങൾ എങ്ങനെയാണ് അദ്ദേഹം മറികടക്കുന്നത് എന്ന് കാണിച്ചുതന്ന ചിത്രമായിരുന്നു ‘മേപ്പടിയാൻ’. മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമായ ഷെഫീക്കിന്റെ സന്തോഷത്തിലും, മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്ന ഒരു സാധാരണക്കാരനായി ആണ് ഉണ്ണി മുകുന്ദൻ വേഷമിടുന്നത്.

ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള എൻആർഐക്കാരനായ ഷെഫീഖ് തന്റെ അയൽപക്കക്കാരെയും നാട്ടുകാരെയും സഹായിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നു. ഇത്തരത്തിൽ സന്തോഷം തേടിയുള്ള യാത്രയ്ക്കിടെ, ആ ചെറുപ്പക്കാരൻ നേരിടുന്ന ചില പ്രതിസന്ധികളും, അതിനെ അവൻ എങ്ങനെ മറികടക്കുന്നു എന്നുമാണ് ഈ സിനിമ കാണിക്കുന്നത്. വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ഓരോരുത്തർക്കും കണ്ടിരിക്കാൻ സാധിക്കുന്ന സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’.
വലിയ ട്വിസ്റ്റുകളും, പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും, കൂടുതൽ ചിന്തിപ്പിക്കുന്ന ത്രില്ലിംഗ് മൊമെന്റുകളും ഒന്നും തന്നെ ഈ സിനിമയിൽ ഇല്ലെങ്കിലും, കുടുംബ പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താനുള്ള എല്ലാ എലമെന്റുകളും ഈ സിനിമയിൽ അടങ്ങിയിരിക്കുന്നു. രണ്ടു മണിക്കൂർ സമയം വളരെ കൂൾ ആയി ഇരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയ്ക്ക് ടിക്കറ്റ് എടുക്കാം. ഉണ്ണി മുകുന്ദനെ കൂടാതെ, ആത്മീയ രാജൻ, ദിവ്യ പിള്ള, സ്മിനു സിജോ, മനോജ് കെ ജയൻ, ബാല തുടങ്ങിയവരും ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.