ബിഗ്ഗ്‌ബോസ് യഥാർത്ഥ വിജയി ഇവൻ; റിയാസ് സലിം എയർപോർട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ..!? | Riyas Salim Bigg Boss Response

ബിഗ്ഗ്‌ബോസ് മലയാളം ഷോയിലെ ഇത്തവണത്തെ യഥാർത്ഥവിജയി റിയാസ് സലിം ആണെന്ന് പലരും മനസ് കൊണ്ട് സമ്മതിച്ചുകഴിഞ്ഞു. ജനങ്ങളുടെ ആ സാക്ഷ്യപ്പെടുത്തലിനപ്പുറം റിയാസിന് എന്താണ് ഇനി വേണ്ടത്? ഷോ കഴിഞ്ഞ് എയർപോർട്ടിൽ വന്നിറങ്ങിയ റിയാസിന് ലഭിച്ചത് സമ്മിശ്രപ്രതികരണങ്ങൾ. റിയാസിനെ കണ്ടതും റോബിന്റെ പേരിൽ ആർത്തുവിളിച്ചത് ആയിരങ്ങൾ. പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമില്ലാതെ റിയാസ്. ഷോയുടെ നാൽപ്പതിലധികം എപ്പിസോഡുകൾ കണ്ടിട്ട് തന്നെയാണ്.

റോബിന് പുറത്തുള്ള പിന്തുണ എന്തെന്ന് കൃത്യമായി മനസിലാക്കിയിട്ട് തന്നെയാണ് റിയാസ് ബിഗ്ഗ്‌ബോസ് വീട്ടിൽ കയറുന്നതും റോബിനെന്ന പ്രേക്ഷകരുടെ പ്രിയങ്കരനായ മത്സരാർത്ഥിക്കെതിരെ കളിച്ചുതുടങ്ങുന്നതും. പേടിയില്ലായിരുന്നു റിയാസിന്, ഉണ്ടായിരുന്നെങ്കിൽ റോബിനെപ്പോലെ ഇത്രത്തോളം പ്രേക്ഷകപിന്തുണയുള്ള മത്സരാർത്ഥിയെ വീട്ടിൽ നിന്ന് പുറത്താക്കാൻ സധൈര്യം റിയാസ് ശ്രമിക്കുമോ? എന്താണെങ്കിലും വിമാനത്താവളത്തിൽ റോബിന് മാത്രമല്ല ജയ് വിളികളും ആരവങ്ങളും ലഭിച്ചത്. റിയാസിനെ സ്വീകരിക്കാനും റിയാസിന് വേണ്ടി മുറവിളികൂട്ടാനും ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

Riyas Salim Bigg Boss Response
Riyas Salim Bigg Boss Response

ഒരു സെൽഫിയെടുക്കാൻ, സ്നേഹത്തോടെ റിയാസിനെ ഒന്ന് കെട്ടിപ്പിടിക്കാൻ അവിടെ ഉണ്ടായിരുന്നു ഒരുകൂട്ടം ആളുകൾ. റോബിൻ ആരാധകരിൽ ചിലർ റിയാസിനെ കണ്ടതോടെ റോബിന് വേണ്ടിയുള്ള ജയ് വിളികളുട ശബ്ദമുയർത്തി എന്നുള്ളതല്ലതെ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായതേയില്ല. വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടും വളരെ പക്വതയാർന്ന രീതിയിലുള്ള സംസാരമായിരുന്നു ആ ഇരുപത്തിനാല് വയസുകാരന്റേത്. ദിൽഷയുടെ വിജയത്തിൽ സന്തോഷിക്കുന്നു, ദിൽഷയെ ജനങ്ങൾ സപ്പോർട്ട് ചെയ്തു, അതുകൊണ്ട് ദിൽഷ വിജയിച്ചു. അത്ര മാത്രമായിരുന്നു റിയാസിന്റെ പ്രതികരണം.

റിയാസിന്റെ നാട്ടിലാകട്ടെ കേക്ക് മുറിച്ചായിരുന്നു സ്വീകരണം ഒരുക്കിയിരുന്നത്. സഹമത്സരാർത്ഥികൾ പോലും ആഗ്രഹിച്ചിരുന്ന വിജയമായിരുന്നു റിയാസിന്റേത്. ബിഗ്ഗ്‌ബോസ് എന്നത് ഏറെ ആഗ്രഹിച്ച് ഷോയിലേക്കെത്തിയ ആളാണ് റിയാസ്. ഹിന്ദി ബിഗ്ഗ്‌ബോസാണ് റിയാസിന്റെ സ്വപ്നം. എന്താണെങ്കിലും ഇനി ഹിന്ദിയിൽ പോയി ശോഭിക്കാൻ റിയാസിന് കഴിയട്ടെ എന്നാണ് പ്രേക്ഷകർ റിയാസിന് നൽകുന്ന ആശംസ.