മൃഗങ്ങളെ വേട്ടയാടാൻ കൊതിച്ചവൾക്ക് നേരിടേണ്ടി വന്നത് ഭീകരനായ അന്യഗ്രഹജീവിയെ; ഈ വർഷം ഏറ്റവും കൂടുതൽ കയ്യടികൾ നേടിയ സിനിമകളിലൊന്ന്… | Prey Movie

Prey Movie : കൊമാൻചു ഗോത്ര വർഗ്ഗത്തിലെ നാരൂ എന്ന പെൺകുട്ടി മറ്റുള്ളവരെ പോലെയായിരുന്നില്ല, സ്വന്തമായി വേട്ടയാടി തന്റെ കഴിവ് തെളിയിക്കണമെന്ന് ആഗ്രഹിച്ചവളായിരുന്നു. അതിനുള്ള ശ്രമങ്ങൾ ഒന്ന് രണ്ട് തവണ നടത്തിയിട്ടും പരാജയപ്പെടുന്ന നാരൂവിനെയാണ് തുടക്കത്തിൽ നമുക്ക് കാണാനാവുക. എന്നാൽ അവരുടെ ഗോത്ര വർഗ്ഗത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഭീമാകാരനായ അന്യഗ്രഹജീവി അവിടേക്കെത്തുന്നു. മൃഗങ്ങളെ വേട്ടയാടി കഴിവ് തെളിയിക്കാൻ കൊതിച്ചവൾക്ക് നേരിടേണ്ടി വരുന്നത് ഭീകരനായ അന്യഗ്രഹജീവിയെയാണ്.

പ്രിഡേറ്റർ സിനിമകൾ എന്നും ആരാധകർക്ക് പ്രിയപ്പെട്ടത് തന്നെയാണ്.1987-ൽ അർണോൾഡ് ഷ്വാസ്നെഗറെ നായകനാക്കി ഇറങ്ങിയ ആദ്യ സിനിമ തന്നെയാണ് ഏവർക്കും പ്രിയപ്പെട്ടത്. ഈ പ്രിഡേറ്റർ സീരിസിലെ ഏറ്റവും പുതിയ സിനിമയാണ് Prey. ഈ വർഷം ഏറ്റവും കൂടുതൽ കയ്യടികൾ നേടിയ സിനിമകളിൽ ഒന്നാണ് പ്രേ. അമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ HULU വിലാണ് ഇത് റിലീസ് ചെയ്തിരിക്കുന്നത്.

മികച്ച ആക്ഷൻ രംഗങ്ങളും മികച്ച ഫ്രയിമുകളുമായി സിനിമ പ്രേമികൾക്ക് ഒരു മികച്ച അനുഭവം തന്നെയാണ് പ്രേ സമ്മാനിക്കുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല. തുടക്കം മുതൽ ഒടുക്കം വരെ മടുപ്പുകളൊന്നുമില്ലാതെ സിനിമ കണ്ടിരിക്കാൻ പറ്റുന്നുണ്ട് എന്നുള്ളതാണ് പ്രത്യേകത. 1700 കളിലാണ് കഥ നടക്കുന്നത്. ആ കാലഘട്ടത്തെ പിഴവുകളൊന്നും കൂടാതെ ചിത്രീകരിക്കാനും സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.

മനോഹരമായ സിനിമാറ്റോഗ്രഫിയും സൗണ്ട് എഫക്റ്റുകളും വിഎഫ്എക്സ് വർക്കുമൊക്കെ ഈ സിനിമക്ക് മുതൽക്കൂട്ടാണ്. പ്രധാന കഥാപാത്രമായ നാരൂവിനെ അവതരിപ്പിച്ച ആമ്പർ മിഡ്‌തണ്ടർ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇടക്കാലത്ത് വന്ന പ്രിഡേറ്റർ സിനിമകളെക്കാൾ കൂടുതൽ പ്രശംസകൾ നേടാൻ പ്രേക്ക് കഴിഞ്ഞു എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. ഡാൻ ട്രാഷ്ടെൻബർഗാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷൻ ത്രില്ലർ പ്രേമികളെ ഈ സിനിമ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നുറപ്പാണ്. എംസോൺ തയ്യാറാക്കിയ മലയാളം പരിഭാഷയും ഈ സിനിമക്ക് ഇപ്പോൾ ലഭ്യമാണ്.