വേനലവധിയ്ക്ക് വന്ന് ഞാൻ പിന്നീട് കോളേജിൽ പോയിട്ടില്ല.. നന്ദനത്തിന്റെ ഓർമകൾ പങ്ക് വച്ച് പൃഥ്വിരാജ്!!!

ഓസ്‌ട്രേലിയൽ പഠിക്കുന്ന കാലത്ത് വേനലവധിയ്ക്കായി നാട്ടിൽ എത്തിയതാണ് പൃഥ്വിരാജ്. പിന്നീട് പക്ഷെ ഒരു തിരിച്ചു പോക്ക് ഉണ്ടായില്ല. സംവിധായകൻ രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേയ്ക്ക് വണ്ടി കയറിയത് തന്റെ ജീവിതം മാറ്റി മറിയ്ക്കാനായിരുന്നു എന്ന് താരം ഒരിക്കലും ചിന്തിച്ചുകാണില്ല.

ഇപ്പോൾ നന്ദനത്തിലെ ഒരു ചിത്രം പങ്ക് വച്ച് ഓർമകളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയാണ് താരം. പൃഥ്വിയുടെ കുറിപ്പ് ഇങ്ങനെ: നന്ദനത്തിന്റെ പൂജയുടെ സമയത്ത് പകർത്തിയ ചിത്രമാണ് ഇത്. ആദ്യമായി അഭിനയിച്ച ചിത്രമെങ്കിലും മൂന്നാമതായി റിലീസ് ചെയ്തതാണ്. വരും വർഷങ്ങളിൽ ജീവിതം എന്താണ് എനിയ്ക്കായി കാത്തു വച്ചിരുന്നതെന്ന് എനിയ്ക്ക് ഒരു സൂചനയുമില്ലായിരുന്നു.

വേനൽ അവധിയ്ക്കു മുൻപ് കോളേജിലേയ്ക്ക് മടങ്ങുന്നതിനു മുൻപ് സമയം ഫലപ്രദമായി ചിലവഴിയ്ക്കാൻ എനിക്ക് അവസരം ലഭിച്ചു. പിന്നീട് ഒരിക്കലും കോളേജിൽ പോയിട്ടില്ല. അത് എന്നെ കീഴടക്കിയെങ്കിലും അത് നന്നായി. ചില സമയങ്ങളിൽ നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്. എന്തെന്നാൽ ഈ ജലത്തിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്ത് എത്തിയ്ക്കാനുള്ള കഴിവുണ്ട് എന്നാണ് പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

മനു ഏട്ടാ.. എന്ന് വിളിച്ചാണ് താരത്തിന്റെ ഭാര്യ സുപ്രിയ പോസ്റ്റിനെ കുറിച്ച് പ്രതികരിച്ചത്. നിരവധി താരങ്ങളും ആരാധകരുമാണ് ചിത്രത്തിന് ആശംസയുമായി എത്തിയത്.