മുരിങ്ങയിലയുടെ ഗുണങ്ങൾ…!

മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്‌. മലയാളികൾ സാധാരണയായി തോരൻ കറിക്ക്‌ മുരിങ്ങയിലയും അവിയൽ, സാമ്പാർ എന്നീ കറികളിൽ മുരിങ്ങക്കായും ഉപയോഗിക്കുന്നു. വിത്തുകളും ചില രാജ്യങ്ങളിൽ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌.

മുരിങ്ങയുടെ പല ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. പലനാടുകളിലും പലതരത്തിലാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും മൂപ്പെത്താത്ത കായ ഭക്ഷിക്കുന്നു. കമ്പോഡിയ, ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ ഇലകൾ ഭക്ഷിക്കുന്നു. മൂപ്പെത്തിയ കായകൾ, പൂക്കൾ, മൂത്ത കായകളിൽ നിന്നും വേർതിരിക്കുന്ന എണ്ണ, വേര് എന്നിവയും ഉപയോഗിക്കുന്നൂ. ചില സ്ഥലങ്ങളിൽ ഇളം കായകളും മറ്റു ചിലയിടങ്ങളിൽ ഇലകളും ആണ് മുരിങ്ങയുടെ കൂടുതലായി ഉപയോഗിക്കുന്ന ഭാഗങ്ങൾ. ഭക്ഷ്യയോഗ്യമായ ഇലകൾ തോരൻ വയ്ക്കാൻ നല്ലതാണ്…

ആയുർവ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണ്‌. ശാസ്ത്രീയഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ കാൽസ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, കാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു.

ഇക്കാരണങ്ങൾക്കൊണ്ട്‌ മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. നാട്ടുവൈദ്യത്തിൽ തടി, തൊലി, കറ, ഇലകൾ, വിത്തുകൾ, പൂക്കൾ എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ട്. രോഗങ്ങളെ കണ്ടുപിടിക്കാനോ, ചികിൽസിക്കാനോ, തടയാനോ കഴിയുന്നില്ലെങ്കിലും രക്തത്തിന്റെ ഘടനയെ മുരിങ്ങ എങ്ങനെയെല്ലാം ബാധിക്കുമെന്നു പഠിക്കാൻ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.