അമ്മമാരുതന്നെ മക്കളെ വളർത്തിയാലെ ശരിയാകൂ…. തന്റെ നാല് തങ്കക്കുടങ്ങളെക്കുറിച്ച് സിനിമാതാരം അജു വർഗ്ഗിസിന്റെ ഭാര്യ അഗസ്റ്റിന.!!

അമ്മമാർ തന്നെ മക്കളുടെ കാര്യങ്ങൾ ശ്രദ്ധിച്ചാലെ ശരിയാകൂ എന്ന അഭിപ്രായക്കാരിയാണ് അഗസ്റ്റിന. അവർക്ക് നമ്മുടെ സ്‌നേഹവും പരിചരണവും അത്യാവശ്യമായി വേണ്ട സമയമാണ്. ഒറ്റയ്ക്ക് ഇത് ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പേക്ഷ എല്ലാം വളരെ ഭംഗിയായി നിർവഹിക്കാൻ സാധിക്കുന്നുണ്ട്. രണ്ടല്ല നാലു കുട്ടികുറുമ്പൻമാരുടെ അമ്മയാണ് പ്രശസ്ത സിനിമാതാരവും നിർമാതാവുമായ അജു വർഗ്ഗിസിന്റെ ഭാര്യയുമായ അഗസ്റ്റിന. തന്റെ തങ്കക്കുടങ്ങളെക്കുറുിച്ച് പറയുമ്പോൾ നൂറുനാവാണ് ഈ അമ്മയ്ക്ക്.

ഇന്ന് പല കുടുംബങ്ങളിലും കുട്ടികളുടെ എണ്ണം കുറവാണ്, ഈ സാഹചര്യത്തിൽ കുട്ടികളുടെ എണ്ണം കൂടുക എന്നത് ഒരു സന്തോഷമുള്ള കാര്യമാണെന്നാണ് അഗസ്റ്റിനയുടെ കണ്ടെത്തൽ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അഗസ്റ്റിന തന്റെ നയം വ്യക്തമാക്കിയത്. കൂട്ടുകുടുംബത്തിലെ ഒരുമയും സ്‌നേഹവും കണ്ടു വളർന്നതിനാൽ അതുപോലൊരു വീടുതന്നെയാണ് താനും ആഗ്രഹിച്ചിരുന്നത്. കല്യാണം കഴിഞ്ഞപ്പോൾ ഏറെ മക്കൾ വേണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും അഗസ്റ്റിന പറയുന്നു. രണ്ടു വർഷത്തെ ഇടവേളകളിലായി നാലു കൺമണികളേയാണ് ഇവർക്ക് ലഭിച്ചത്. രണ്ട് സിസേറിയനുകളായിരുന്നു.

ആദ്യ സിസേറിയൻ 2014ലായിരുന്നു, എട്ടാം മാസത്തിലാണ് ഇവാനും ജുവാനയും ഞങ്ങൾക്ക് കൂട്ടായി എത്തുന്നത്. എന്നാൽ കുഞ്ഞുങ്ങൾക്ക് ആവശ്യമായ ശരീര ഭാരം ആകുന്നതുവരെ ആദ്യമാസം വളരെ പ്രയാസം അനുഭവിച്ചിരുന്നു. അന്ന് കാക്കനാട്ടെ സ്വന്തം വീട്ടിൽ വച്ച് അമ്മയുടേയും സഹോദരിയുടേയും സഹായത്തോടു കൂടിയാണ് ആദ്യ കൺമണികളെ പരിപാലിച്ചത്. 2016ലാണ് ഇവാനും ജുവാനയ്ക്കും കൂട്ടായി ജെയ്ക്കും ലൂക്കും എത്തിയത്. നാലു പേരും മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾ ആയതിനാൽ വളരെ കരുതലോടെയാണ് അവരെ വളർത്തിയതെന്ന് അഗസ്റ്റിന പറയുന്നു.

അജു മിക്കവാറും സിനിമയുടെ തിരക്കിലായിരിക്കും, അത്യാവശ്യ സഹായങ്ങൾക്കായി വീട്ടിൽ ആളുണ്ട് അതുകൊണ്ടു തന്നെ കുട്ടികളുടെ കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കുന്നതാണ് തനിക്കിഷ്ടമെന്നും അഗസ്റ്റിന പറയുന്നു. അതിരാവിലെ ഉണർന്ന് കുട്ടികൾക്ക് വേണ്ടതെല്ലാം ഒരുക്കി വയ്ക്കും, പോഷകമൂല്യവും ആരോഗ്യകരവുമായ ഭക്ഷണം മാത്രമേ കുഞ്ഞുങ്ങൾക്ക് നൽകാറുള്ളൂ. ഇവാനും ജുവാനയും കാക്കനാട് വിദ്യോദയ സ്‌കൂളിൽ എൽ. കെ.ജി. വിദ്യാർത്ഥികളാണ്. ജെയ്ക്കും ലൂക്കും പ്ലേ സ്‌കൂളിലും. സ്‌കൂളിൽ വിട്ട് വീട്ടിൽ എത്തിയാൽ പിന്നെ ഭക്ഷണം കഴിപ്പിക്കലും, കഥകൾ പറച്ചിലും കളി, ചിരി ബഹളങ്ങൾ നിറഞ്ഞതാണ് വീടെന്ന് അഗസ്റ്റിന പറയുന്നു.

മൊബൈൽ ഫോണല്ല പകരം കണ്ണാരം പൊത്തിക്കളിയും കട്ടുറുമ്പു കളിയുമാണ് കുട്ടികളുടെ ലോകം. ഒപ്പം കുറേയേറെ കഥകളും. ബൈബിൾ കഥകളും ഫെയറി ടെയ്‌ലും കേട്ടാലെ ഈ കുട്ടികുറുമ്പന്മാർ ഉറങ്ങൂ. രണ്ടു നേരത്തെ പ്രാർത്ഥനയും ഇവർ ഒഴിവാക്കാറില്ല. കുട്ടികൾക്ക് തങ്ങളുടെ കൂടെ കളിക്കുന്ന അപ്പനെയാണ് ഏറ്റവും ഇഷ്ടം. കുഞ്ഞുങ്ങൾക്കൊപ്പം ചുമരിൽ ക്രയോൺ കൊണ്ട് വരക്കുന്ന ചിത്രം അടുത്തിടെ അജു വർഗ്ഗീസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

മക്കളെ കുറിച്ച് എല്ലാ അമ്മമാർക്കും ഉള്ളതുപോലെ തന്നെ അസ്റ്റീനയ്ക്കും ഒരു സ്വപ്‌നമുണ്ട്. നല്ലമക്കളായി വളരണം. വിദ്യാഭ്യാസമുണ്ടെങ്കിലും സ്വഭാവം നല്ലതല്ലെങ്കിൽ കാര്യമില്ലെന്ന അഭിപ്രായക്കാരിയാണ് ഈ അമ്മ. മനസ്സിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ കുഞ്ഞുങ്ങളെ കണ്ടാലത് മാറും. കുഞ്ഞുങ്ങൾ സ്‌കൂളിൽ പോകുമ്പോഴുള്ള ഒറ്റപ്പെടൽ മാറ്റാൻ കലൂരിൽ ടൂല ലൂല എന്ന പേരിൽ കുട്ടികൾക്കായുള്ള ഡിസൈനർ ബോട്ടിക്ക് ആരംഭിച്ചത്.