‘ഈഷോ’ വിജയദശമിക്ക് ; ജയസൂര്യയുടെ നാദിർഷ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു… | Jayasurya Movie Release Announcement Malayalam

Jayasurya Movie Release Announcement Malayalam : ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് ‘ഈശോ’. ത്രില്ലർ ജോണറിൽ പെടുന്ന ചിത്രത്തിൽ നമിത പ്രമോദ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ നിർമ്മിച്ച ചിത്രം ഒടിടി സ്ട്രമിംഗ് വഴിയാകും പ്രേക്ഷകരിലേക്ക് എത്തുക എന്ന് നേരത്തെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ വേൾഡ് വൈഡ് ഒടിടി സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ പേര് നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു. ‘ഈഷോ’ എന്ന പേര് സിനിമയ്ക്ക് ഇടാൻ പാടില്ല എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസ് കഴിയുന്നതുവരെ ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, വിശദമായ വാദം കേട്ട് കേരള ഹൈക്കോടതി ചിത്രത്തിന് മേൽ ഏർപ്പെടുത്തിയ സ്റ്റേ നീക്കം ചെയ്യുകയും, ‘ഈശോ’ എന്ന പേരിൽ തന്നെ ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകുകയും ചെയ്യുകയായിരുന്നു.

ഒക്ടോബർ 5 വിജയദശമി ദിനത്തിലാണ് ‘ഈശോ’ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ  Sony Liv ലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും എന്ന് സംവിധായകൻ നാദിർഷ അറിയിച്ചു. ചിത്രത്തിന്റെ റിലീസിംഗ് തീയതിയുടെ പ്രഖ്യാപനത്തിനൊപ്പം, ചിത്രത്തിന്റെ എല്ലാ ഭാഷകളിലുമുള്ള പോസ്റ്ററുകളും സംവിധായകൻ പങ്കുവെച്ചു.

സുനീഷ് വാരനാട് എഴുതിയ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്. സംവിധായകൻ നാദിർഷയും ചിത്രത്തിലെ ചില ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. റോബി വർഗീസ് രാജ് ഛായഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ജാഫർ ഇടുക്കി, സുരേഷ് കൃഷ്ണ, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.