കെജിഎഫ് ടീമിനൊപ്പം ഫഹദ് ഫാസിൽ; പുതിയ ചിത്രത്തിന്റെ സൂചന നൽകി കെജിഎഫ് നിർമ്മാതാക്കൾ… | Hombale Films Birthday Wishes To Fahadh Faasil

Hombale Films Birthday Wishes To Fahadh Faasil : ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ്‌ കളക്ഷനിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച കന്നഡ ചിത്രം ‘കെജിഎഫ്’ ന്റെ നിർമ്മാതാക്കളായ ഹോംബെയിൽ ഫിലിംസിന്റെ അടുത്ത ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനായേക്കും എന്ന് സൂചന. അന്തരിച്ച കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിനെ നായകനാക്കി സംവിധായകൻ പവൻ കുമാർ പ്രഖ്യാപിച്ച ‘ദ്വിത്വ’ എന്ന ചിത്രത്തിൽ, പുനീത് രാജ്കുമാറിന് പകരം ഫഹദ് ഫാസിൽ നായകനായി എത്തിയേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നേരത്തെ, പുനീത് രാജ്കുമാറിന്റെ മരണശേഷം ചിത്രത്തെക്കുറിച്ച് പുതിയ അപ്ഡേറ്റുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് പവൻകുമാർ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനായേക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ, അതിന് കൂടുതൽ വ്യക്തമായ ഒരു സൂചന നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബെയിൽ ഫിലിംസ്. കഴിഞ്ഞദിവസം ജന്മദിനം ആഘോഷിച്ച ഫഹദിന് ആശംസകൾ നേർന്ന് ഹോംബെയിൽ ഫിലിംസ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

“ചുറ്റുപാടിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ ഖനനം ചെയ്ത്, തന്റെ തകർപ്പൻ അഭിനയത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന വ്യക്തിക്ക്, മികച്ച ഒരു എന്റർടൈനർ, ‘മെത്തേഡ് ആക്ടിംഗ്’ രാജാവിന് വളരെ സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു. ഒരു പുതിയ കഥാപാത്രമായി പ്രത്യക്ഷമാകാൻ സമയമായി,” ഫഹദ് ഫാസിലിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് ഹോംബെയിൽ ഫിലിംസ് ഈ കുറിപ്പ് പങ്കുവെച്ചു.

ഇതോടെ, ഹോംബെയിൽ ഫിലിംസിന്റെ അടുത്ത ചിത്രമായ ‘ദ്വിത്വ’ യിൽ ഫഹദ് ഫാസിൽ നായകനായി എത്തുമെന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. പവൻ കുമാർ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിൽ തൃഷ കൃഷ്ണനെ നേരത്തെ നായികയായി പ്രഖ്യാപിച്ചിരുന്നു. പ്രീത ജയറാം ചായാഗ്രഹം നിർവഹിക്കുന്ന ചിത്രത്തിന് പൂർണ്ണചന്ദ്ര തേജസ് ആണ് സംഗീതം നൽകുന്നത്.