മകൻ റയാന്റെ വീഡിയോക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പുമായി നടി മേഘ്ന രാജ്… | Heart touching note of actress Meghna Raj about son’s video

Heart touching note of actress Meghna Raj about son’s video : ഒരുകാലത്ത് യക്ഷി കഥാപാത്രങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് ഭയം മാത്രമാണ് നൽകിയിരുന്നതെങ്കിൽ, യക്ഷി കഥാപാത്രത്തിന് മറ്റൊരു മുഖം നൽകിയ നായികയാണ് മേഘ്ന രാജ്. 2010-ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ ആതിര എന്ന യക്ഷിയായി മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട നടി, യക്ഷിയായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു.

തുടർന്നും ഒരുപിടി മലയാള ചിത്രങ്ങളിൽ നായികയായിയെത്തിയ നടി, ഇപ്പോൾ കന്നഡ ഇൻഡസ്ട്രിയിൽ സജീവമാണ്. കന്നഡ നടൻ ചിരഞ്ജീവി സർജ ആണ് മേഘ്നയുടെ ഭർത്താവ്. 2020-ൽ ചിരഞ്ജീവി സർജ ഹൃദയസ്തംഭനം മൂലം ഈ ലോകത്തോട് വിട പറഞ്ഞതോടെ, 2018-ൽ വിവാഹിതരായ ഇരുവർക്കും രണ്ടു വർഷം മാത്രമേ ദാമ്പത്യ ജീവിതം നയിക്കാനായുള്ളൂ. ഇന്നും ഭർത്താവിന്റെ ഓർമ്മകളിൽ മകൻ റയാനെ ചേർത്തുപിടിച്ച് ജീവിക്കുകയാണ് മേഘ്ന.

സോഷ്യൽ മീഡിയയിൽ സജീവമായ മേഘ്ന, തന്റെ മകന്റെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം, മകൻ റയാൻ അടുത്തവീട്ടിലെ കുട്ടികളോടൊപ്പം റോഡിൽ കളിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട്, മേഘ്ന ഹൃദയസ്പർശിയായ ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. താനും ഭർത്താവ് ചീരുവും വളർന്നുവന്ന വഴിയെ മകനെ വളരാൻ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് മേഘ്ന പറയുന്നത്.

“ഞാനും ചീരുവും വളർന്നു വന്ന വഴിയേ… ഞങ്ങളുടെ പ്രദേശത്തെ കുട്ടികളുമായി കളിക്കാൻ ഞങ്ങൾ റയാനെ പ്രോത്സാഹിപ്പിക്കുന്നു. അവനെ പഴയ സ്കൂൾ രീതിയിൽ വളരാൻ അനുവദിക്കുന്നു. നമ്മുടെ അയൽക്കാരോടും അവന്റെ കൂട്ടുകാരോടും ഒപ്പം വെളിയിൽ കളിക്കാൻ ഞങ്ങൾ അവനെ പ്രോത്സാഹിപ്പിക്കുന്നു,” മകൻ മറ്റു കുട്ടികൾക്കൊപ്പം വെളിയിൽ കളിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മേഘ്നരാജ് കുറിച്ചു.