മിയയുടെ മകന്റെ ഒന്നാം പിറന്നാളിന് ജി പി നൽകിയ സമ്മാനം കണ്ടോ..!? ഹൃദയം നിറഞ്ഞെന്ന് പ്രേക്ഷകർ… | A Gift For Luca

A Gift For Luca : മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മിയ ജോർജ്. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ മിയ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ മിയ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ വെളിപ്പെടുത്തി ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. മിയയുടെയും അശ്വിന്റെയും മകനായ ലൂക്കയുടെ ഒന്നാം പിറന്നാളായിരുന്നു ഇന്നലെ (മെയ്‌ 4).

ലൂക്കയ്ക്ക് മിയയുടെ സുഹൃത്തും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ നൽകിയ ജന്മദിന സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ലൂക്കയ്ക്ക് വേണ്ടി ഒരു മ്യൂസിക് വീഡിയോ ആണ് ജിപി നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഇന്ററസ്റ്റിംഗ് വശം എന്തെന്നാൽ, ലുക്കയുടെ അമ്മ മിയ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത് എന്നാണ്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ച് ജി പി, ഇത് ലുക്കയ്ക്കുള്ള തന്റെ ബർത്ത്ഡേ ഗിഫ്റ്റ് ആണെന്ന് കുറിച്ചു. “ഒന്നാം ജന്മദിനം ആഘോഷിക്കുന്ന എന്റെ ഉറ്റ സുഹൃത്ത് മിയയുടെ മകൻ ലൂക്കയ്‌ക്കുള്ള സ്നേഹത്തിന്റെ ഒരു ചെറിയ അടയാളം!” എന്ന അടിക്കുറിപ്പോടെ ജി പി കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ആരാധകർക്ക് ഒരു അറിയിപ്പ് നൽകിയിരുന്നു. തുടർന്ന്, ലൂക്കയുടെ പിറന്നാൾ ദിനത്തിൽ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജിപി വീഡിയോ റിലീസ് ചെയ്തത്.

‘എ ഗിഫ്റ്റ് ഫോർ ലൂക്ക’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ, കുഞ്ഞിന്റെ മനോഹരമായ നിമിഷങ്ങളുടെ മനോഹരമായ സമാഹാരമാണ്. മിയയുടെ ശബ്ദത്തിന്റെയും ലൂക്കയ്‌ക്കൊപ്പമുള്ള കുടുംബത്തിന്റെ പ്രത്യേക നിമിഷങ്ങളുടെയും സംഘമമായ ഈ ഗാനം തീർച്ചയായും മികച്ച സമ്മാനമാണ്. അർഷാദ് കെ റഹീമിന്റെ വരികൾക്ക് നിഖിൽ ഷാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. ജോസ് ചാൾസ് ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.