എള്ളും എണ്ണയും ശരീരത്തിൽ വരുത്തും ഞെട്ടിക്കും മാറ്റങ്ങൾ…

ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ്‌ എള്ള്. ആയുർവേദത്തിൽ ഇതിനെ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

വിതയ്ക്കുന്ന കാലം കണക്കാക്കി, മുപ്പു കുറഞ്ഞത്, ഇടത്തരം മുപ്പുള്ളത്, മുപ്പു കൂടിയത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്. വെള്ളക്കെട്ടില്ലാത്ത നെൽപാടങ്ങളിലെല്ലാം കൃഷിചെയ്യാവുന്ന ഒരു വിളയാണിത്. ഇന്ത്യ, ചൈന എന്നിവയാണ്‌ ഏറ്റവും വലിയ എള്ള് ഉത്പാദകരാജ്യങ്ങൾ.

പ്രധാനമായും എണ്ണയ്ക്കുവേണ്ടി കൃഷിചെയ്യുന്ന ഒരു വിളയാണിത്. എള്ള് വിത്തിന്റെ 50% വരെ എണ്ണ അടങ്ങിയിരിക്കുന്നു. രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷ ഓഷധി വർഗ്ഗത്തില്പ്പെട്ട ഒരു സസ്യമാണിത്. സസ്യത്തിൽ മുഴുവനും രോമങ്ങൾ പോലെ വെളുത്ത നാരുകൾ കാണപ്പെടുന്നു. തണ്ടുകൾ കോണാകൃതിയിലുള്ളതും പൊഴികൾ നിറഞ്ഞതുമാണ്‌.

ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെടിയുടെ താഴ്ഭാഗത്തെ ഇലകൾക്ക് മറ്റുള്ളവയെക്കാൾ വീതികൂടുതലായിരിക്കും. കൂടാതെ പല്ലുകൾ നിരത്തിയതുപോലെ അരികുകളും മങ്ങിയ പച്ച നിറവും ഉണ്ടായിരിക്കും. പത്രകക്ഷത്തിൽ നിന്നും സാധരണയായി ഒറ്റയായിട്ടാണ്‌ പൂക്കൾ ഉണ്ടാകുന്നത്. പുഷ്പവൃന്തം ചെറുതാണ്‌. വെളുത്തതോ പാടല നിറത്തോടെയോ കാണപ്പെടുന്ന ദളപുടം ഏകദേശം കുഴൽ പോലെ കാണപ്പെടുന്നു.