കേരളക്കരയുടെ കുഞ്ഞിക്കക്ക് ഇന്ന് 36-ാം പിറന്നാൾ; ആശംസകളുമായി താരലോകവും ആരാധകരും… | Dulquer Salmaan Birthday Malayalam

Dulquer Salmaan Birthday Malayalam : മലയാള സിനിമയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. 36-ാം പിറന്നാൾ ആഘോഷിക്കുന്ന ദുൽഖർ സൽമാന് മലയാള സിനിമ ലോകം ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമായി. ദുൽഖർ സൽമാൻ ആരാധകരും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷമായി ആണ് കൊണ്ടാടുന്നത്. ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ ‘സീതാ രാമം’ ആണ് അദ്ദേഹം ഈ പിറന്നാളിന് ആരാധകർക്ക് നൽകുന്ന സമ്മാനം. ഓഗസ്റ്റ് 5-നാണ് ചിത്രത്തിന്റെ റിലീസ്.

നടന്മാരായ കുഞ്ചാക്കോ ബോബൻ, രമേശ്‌ പിഷാരടി, ഷൈൻ ടോം ചാക്കോ, ആന്റണി വർഗീസ്, സണ്ണി വെയ്ൻ, കലാഭവൻ ഹനീഫ, യുവനടി അനശ്വര രാജൻ എന്നിവരെല്ലാം ഇതിനോടകം ദുൽഖർ സൽമാന് ആശംസകൾ അറിയിച്ചു. അഭിനേതാക്കൾക്കൊപ്പം സംവിധായകരായ അജയ് വാസുദേവ്, ജി മാർത്താണ്ഡൻ, ഡിനോയ് പൗലോസ് എന്നിവരും നിർമ്മാതാക്കളായ ആന്റോ ജോസഫ് എന്നിവരും ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ ഇതിനോടകം അറിയിച്ചു.

“Dq ബോയ്, നിങ്ങൾ എന്താണെന്ന് പറയുവാൻ എന്റെ കയ്യിൽ വാക്കുകളില്ല, ഞാൻ നിങ്ങളുടെ വാപ്പച്ചിയുടെ ആരാധകനായിരുന്നു, ഇപ്പോഴും എന്നും വാപ്പച്ചിയുടെ ആരാധകനായിരിക്കും. ഒരു വ്യക്തി എന്ന നിലയിലും ഒരു നടൻ എന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഒരു സുഹൃത്ത് എന്ന നിലയിൽ ഒരു മികച്ച മനുഷ്യൻ എന്ന നിലയിൽ ഇപ്പോൾ ഞാൻ നിങ്ങളിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കുന്നു.

സുഹൃത്ത്, സിനിമ, കുടുംബം എന്നിവയുടെയെല്ലാം ടോപ് ലിസ്റ്റിൽ നിങ്ങൾ ഉണ്ട്. സർവ്വശക്തൻ എന്നും നിങ്ങൾക്ക് മികച്ചത് മാത്രം നൽകട്ടെ. Dq ബോയ് ജന്മദിനാശംസകൾ, നിങ്ങളുടെ ചാക്കോ മാഷിൽ നിന്നുള്ള സ്നേഹം,” ഈ കുറിപ്പോടെയാണ് നടൻ കുഞ്ചാക്കോ ബോബൻ ദുൽഖർ സൽമാന് ജന്മദിനാശംസകൾ നേർന്നത്.