“കൊത്തു” ശെരിക്കും കൊത്തിയോ; സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു… | Asif Ali Kothu Movie Theatre Response Malayalam

Asif Ali Kothu Movie Theatre Response Malayalam : ആസിഫ് അലി, നിഖില വിമൽ, റോഷൻ മാത്യു തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിച്ച സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം ‘കൊത്ത്’ ഇന്ന് പ്രേക്ഷകരിലേക്ക് എത്തി. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം, പി എം ശശിധരൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഫസ്റ്റ് ഡേ ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായം എന്തൊക്കെ എന്ന് അറിയാം.

ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ‘കൊത്ത്’. രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്ന ആളുകളുടെ ജീവിതം എങ്ങനെയായിരിക്കും എന്ന് തുറന്നുകാട്ടുന്ന സമകാലിക പ്രസക്തിയുള്ള ചിത്രമാണ് ‘കൊത്ത്’ എന്ന് പ്രേക്ഷകർ പറയുന്നു. ചിത്രത്തിലെ ആസിഫ് അലിയുടെ പ്രകടനത്തെ പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്. ആസിഫ് അലി കണ്ണൂർ ഭാഷ വളരെ മനോഹരമായി ഉപയോഗിച്ചതിനെയും പ്രേക്ഷകർ അഭിനന്ദിക്കുന്നു. സമകാലിക പ്രസക്തിയുള്ള ആശയമാണ് ചിത്രം പറയുന്നത് എന്ന് പ്രേക്ഷകർ പറഞ്ഞു.

ഇന്ന് നമ്മുടെ നാടുകളിൽ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ ചിത്രത്തിൽ തുറന്നുകാട്ടുന്നുണ്ട് എന്നും, ചിത്രം നല്ലൊരു മെസ്സേജ് ആണ് നൽകുന്നത് എന്നും പ്രേക്ഷകർ പറയുന്നു. ജെയ്ക്‌സ്‌ ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം കഥയോട് 100% നീതിപുലർത്തുകയും, പ്രേക്ഷകനെ പിടിച്ചിരുത്തുന്നതുമാണ്. ചിത്രത്തിലെ ഇമോഷണൽ രംഗങ്ങളും, അഭിനേതാക്കളുടെ പ്രകടനവും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെയാണ്.

പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ശങ്കർ രാമകൃഷ്ണൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, വിജിലേഷ് കാരയാട്, രഞ്ജിത്ത്, ശ്രീലക്ഷ്മി, കോട്ടയം രമേശ്, അനു മോഹൻ, ധന്യ അനന്യ തുടങ്ങി ഒരുപിടി നടി നടന്മാർ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. പ്രശാന്ത് രവീന്ദ്രൻ ചായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രതിൻ രാധാകൃഷ്ണൻ ആണ്. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.