അർജുനൻ ആര് ? സത്യം വെളിപ്പെടുന്നു…

പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ 2011 ൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് അർജുനൻ സാക്ഷി. പാസഞ്ചർ എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സിനിമ. അർജുനന്റെ കത്ത് വീണ്ടും ചർച്ചാവിഷയമാകുമ്പോൾ ആരായിരുന്നു അർജുനൻ എന്നുള്ള പ്രേക്ഷകരുടെ സംശയം വീണ്ടും തലപൊക്കുന്നു.

പാസ്സഞ്ചറിന്റെ പിന്നാലെ വന്ന അർജുനൻ സാക്ഷിയും ഏതാണ്ട് സമാനമായ വിഷയം തന്നെയാണ് പ്രതിപാദിക്കുന്നത്. കുറ്റകൃത്യം ചെയ്തത് സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ വിരാജിക്കുന്നവരോ ഭരണം കയ്യാളുന്നവരോ ആണെങ്കിൽ അവർക്കെതിരെ ചെറുവിരലനക്കിയാൽ പിന്നെ പ്രതികരിക്കുന്നവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല എന്നൊരവസ്ഥ നമ്മുടെ നാട്ടിലുണ്ട്.

അതുകൊണ്ടു തന്നെയാണ് അർജുനൻ സാക്ഷി എന്ന സിനിമയിൽ അർജുനൻ എന്നൊരു കഥാപാത്രം, താൻ ഫിറോസ് മൂപ്പന്റെ കൊലപാതകത്തിന് ദൃസാക്ഷിയാണ് എന്നും പക്ഷേ അത് തുറന്നു പറയാൻ തനിക്കു ധൈര്യമില്ല എന്നും പറഞ്ഞ് ഒരു കത്തെഴുതാൻ നിർബന്ധിതനാകുന്നത്. അർജുനന്റെ ആ കത്തിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്.

മറ്റൊരു സ്ഥലത്തുനിന്നും ജോലിസംബന്ധമായി ആകസ്മികമായി കടന്നു വരുന്ന റോയ് എന്ന ചെറുപ്പക്കാരന്റെ ജീവിതം കൂടി ഈ കത്ത് മാറ്റി മറിക്കുന്നു. താൻ അല്ല അർജുനൻ എന്ന് തെളിയിക്കാൻ റോയ് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒടുവിൽ കൊലയാളിയെ കണ്ടെത്താനുള്ള ഉദ്യമത്തിൽ റോയ് കൂടി പങ്കാളിയാവുകയാണ്. സിനിമ തീരുമ്പോഴും അർജുനൻ എന്ന കഥാപാത്രം ഒരു സമസ്യയായി നിലകൊള്ളുന്നു.