എ ആർ റഹ്മാന്റെ മകൾ വിവാഹിതയായി..!! ആശംസകൾ അറിയിച്ച് സംഗീത ലോകം… | AR Rahman Daughter Khatija Rahman Marriage

AR Rahman Daughter Khatija Rahman Marriage : സംഗീതജ്ഞൻ എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി. ഓഡിയോ എഞ്ചിനീയർ റിയാസ്ദീൻ ഷെയ്ക് മുഹമ്മദ് ആണ് വരൻ. വിവാഹ ചടങ്ങിൽ നിന്നുള്ള ഒരു കുടുംബ ഫോട്ടോ പങ്കുവെച്ചുക്കൊണ്ട് എ ആർ റഹ്മാൻ തന്നെയാണ്‌ തന്റെ മകളുടെ വിവാഹ വാർത്ത പുറത്തുവിട്ടത്. വിവാഹ ചടങ്ങിൽ നിന്നുള്ള കുടുംബ ഫോട്ടോയിൽ, വധുവിന്റെയും വരന്റെയും ഇരിപ്പിടത്തിന് സമീപം തന്റെ പരേതയായ അമ്മയുടെ ഛായാചിത്രവും പ്രദർശിപ്പിച്ചിട്ടുണ്ട്.

വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രമാണ് വധുവും വരനും ധരിച്ചിരിക്കുന്നത്. എആർ റഹ്മാൻ, ഭാര്യ സൈറ ബാനു, മൂത്ത മകൾ റഹീമ, സംഗീതസംവിധായകനും മകനുമായ അമീൻ എന്നിവർ നവദമ്പതികൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സംഗീതജ്ഞൻ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കിട്ടുകൊണ്ട് എ ആർ റഹ്മാൻ ഇങ്ങനെ എഴുതി, “സർവ്വശക്തൻ ദമ്പതികളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ആശംസകൾക്കും സ്നേഹത്തിനും മുൻകൂട്ടി നന്ദി പറയുന്നു.”

ആരാധകർക്കൊപ്പം റഹ്മാന്റെ സഹപ്രവർത്തകരും ഖദീജയെയും കുടുംബത്തെയും കമന്റ് സെക്ഷനിൽ അഭിനന്ദിച്ചു. “മുഴുവൻ കുടുംബത്തിനും അഭിനന്ദനങ്ങൾ!” ഗായിക ഹർഷ്ദീപ് കൗർ എഴുതി. “ഖദീജ റിയാസ്ദീൻ അഭിനന്ദനങ്ങൾ. ദൈവം മനോഹരമായ ദമ്പതികളെ അനുഗ്രഹിക്കട്ടെ,” എന്നാണ് ഗായിക ശ്രേയ ഘോഷാൽ കുറിച്ചത്. ഇൻസ്റ്റഗ്രാമിൽ തന്റെ വിവാഹ പ്രഖ്യാപനം നടത്തിയിട്ടുള്ള ചിത്രം ഖദീജയും പങ്കുവച്ചിട്ടുണ്ട്.

ഈ വർഷം ജനുവരിയിലായിരുന്നു ഖദീജയുടെയും റിയാസ്ദീന്റെയും വിവാഹനിശ്ചയം. പിങ്ക്, വെള്ളി നിറത്തിലുള്ള വസ്ത്രം ധരിച്ച വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള അവരുടെ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിതാവിനെപ്പോലെ ഖദീജയും ഒരു ഗായികയും സംഗീതജ്ഞയുമാണ്. കൃതി സനോൻ അഭിനയിച്ച ‘മിമി’ എന്ന ചിത്രത്തിന് വേണ്ടി ‘റോക്ക് എ ബൈ ബേബി’ ഉൾപ്പെടെ വിവിധ ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.