താരമല്ലാത്ത മലയാളത്തിന്റെ മഹാനടൻ; വിട ചൊല്ലിയിട്ട് ഇന്നേക്ക് 13 വർഷങ്ങൾ തികയുന്നു… | Actor Murali Malayalam

Actor Murali Malayalam : മലയാള സിനിമയിൽ തന്റേതായ വ്യത്യസ്ത അഭിനയ ശൈലികൊണ്ട് ഉയരങ്ങൾ കീഴടക്കിയ നടനാണ് ശ്രീ ഭരത് മുരളീധരൻ പിള്ള, നമ്മുടെ പ്രിയപ്പെട്ട മുരളി ചേട്ടൻ. വില്ലനായും നായകനായും കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്ന്, തന്റെ ഭാവാഭിനയം കൊണ്ടും ശബ്ദവിന്യാസം കൊണ്ടും മലയാള സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ച ആ മഹാ നടൻ ഓർമ്മയായിട്ട് ഇന്ന് 13 വർഷം തികയുകയാണ്. അഭിനയിക്കുന്നതിനൊപ്പം അഭിനയകലയെ കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും പഠിക്കുകയും ചെയ്ത പ്രതിഭാധനനായ കലാകാരൻ ആണ് ശ്രീ മുരളി.

കൊല്ലം ജില്ലയിലെ കുടവട്ടൂർ എന്ന സ്ഥലത്ത് പി കൃഷ്ണപിള്ളയുടെയും കെ ദേവകിയമ്മയുടെയും മകനായി 1954 മെയ്‌ 25-ന് ജനനം. 1981-ൽ ഭരത് ഗോപി സംവിധാനം ചെയ്ത ‘ഞാട്ടടി’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. നിർഭാഗ്യവശാൽ ആ ചിത്രം റിലീസ് ചെയ്തില്ല. പിന്നീട്, 5 വർഷങ്ങൾക്ക് ശേഷം ടി ഹരിഹരൻ സംവിധാനം ചെയ്ത ‘പഞ്ചാഗ്നി’ എന്ന ചിത്രത്തിലൂടെ നടൻ മുരളി മലയാള സിനിമ പ്രേക്ഷകർക്ക് മുൻപിലെത്തി.

‘പഞ്ചാഗ്നി’യിലെ വില്ലൻ രാജൻ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതോടെ, നടൻ മുരളിയുടെ സിനിമ ജീവിതത്തിന് ആവേശകരമായ തുടക്കമായി. പിന്നീട് അമരം, ചമയം, ലാൽസലാം, പത്രം, ആധാരം, ദി കിംഗ്, ധനം, നെയ്ത്തുകാരൻ, ചമ്പക്കുളത്തച്ഛൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മുരളി എന്ന നടൻ മലയാള സിനിമ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.

വിദ്യാഭ്യാസ കാലഘട്ടം മുതലേ ഇടത് വിദ്യാർഥി സംഘടന അനുഭാവിയായ മുരളി, ജീവിതത്തിലൂടനീളം ഒരു ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നു. ഒടുവിൽ, സംഗീത നാടക അക്കാദമി ചെയർമാൻ ആയിരിക്കെ 2009 ആഗസ്റ്റ് 6-ന് മുരളി അന്തരിച്ചു. മൂന്നര പതിറ്റാണ്ടുകാലം മലയാള സിനിമ നാടക സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ശ്രീ മുരളിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.