ന്നാ താൻ അങ്ങട് മാറി നിൽക്ക്.!! മികച്ച നടൻ മമ്മൂട്ടി; ചാക്കോച്ചനെ പിന്നിലാക്കി ഇക്കയുടെ സുവർണ്ണ നേട്ടം.!! | 2022 Film Award Best Actor Mammootty
2022 Film Award Best Actor Mammootty : 2022 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 2022 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു.
മികച്ച നടനുള്ള പുരസ്കാരം നേടും എന്ന് ആരാധകർ കണക്കുകൂട്ടിയിരുന്ന മറ്റൊരു നടനായിരുന്നു കുഞ്ചാക്കോ ബോബൻ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. ‘അപ്പൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ അലൻസിയറിനും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് പുരുഷൻ സ്ത്രീ എന്നീ വിഭാഗങ്ങളിൽ യഥാക്രമം ഷോബി തിലകൻ, പൗളി വത്സൻ എന്നിവർ ജേതാക്കളായി. വ്യക്തിഗത പുരസ്കാരങ്ങൾക്ക് പുറമേ മികച്ച ചിത്രം, മികച്ച ജനപ്രിയ ചിത്രം തുടങ്ങിയ വിഭാഗങ്ങളും പ്രഖ്യാപിച്ചു.
മികച്ച ജനപ്രിയ ചിത്രമായി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുത്തു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ സ്വന്തമാക്കി. മികച്ച രണ്ടാമത്തെ ചിത്രമായി ‘അടിത്തട്ട്’ തിരഞ്ഞെടുത്തു. മികച്ച പിന്നണി ഗായികയായി മൃദുല വാര്യരെയും, മികച്ച പിന്നണി ഗായകനായി കപിൽ കപിലനെയും തിരഞ്ഞെടുത്തു. മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഗാന രചയിതാവിനുള്ള പുരസ്കാരം റഫീഖ് അഹമ്മദ് സ്വന്തമാക്കി. മികച്ച കുട്ടികളുടെ ചിത്രമായി ‘പല്ലൊട്ടി 90സ് കിഡ്സ്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകയായി ശ്രുതി ശരണ്യത്തെ തിരഞ്ഞെടുത്തു. മികച്ച നൃത്ത സംവിധായകനായി ‘തല്ലുമാല’ എന്ന ചിത്രത്തിന്റെ നൃത്ത സംവിധായകനായ ഷോബി പോൾ രാജിനെ തിരഞ്ഞെടുത്തു. മികച്ച വസ്ത്രാലങ്കാരം എന്ന വിഭാഗത്തിൽ മഞ്ജുഷ രാധാകൃഷ്ണൻ ജേതാവായി. മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് റോനെക്സ് സേവിയർ ആണ്.